എണ്‍പത്തിയെട്ടിന്റെ നിറവില്‍ മാളുക്കുട്ടിയമ്മക്കും ഹാപ്പി ഓണം
നിലമ്പൂര്‍: പേരക്കുട്ടികള്‍ ഹാപ്പി ഓണം ആശംസിച്ചപ്പോള്‍ തനിക്കല്ലാതെ മറ്റാര്‍ക്കാ ഈ ലോകത്ത് ഹാപ്പിയെന്നുള്ള ചിരിയുമായി 88കാരി മാളുക്കുട്ടിയമ്മ. പ്രായത്തിന്റെ അവശതകളില്ലാതെ ഇപ്പോഴും ചുറുചുറുക്കോടെ മാളുക്കുട്ടിയമ്മ ഓണം ആഘോഷിക്കുന്നു. എല്ലാ തവണയും തന്റെ നാടായ മണ്ണുപ്പാടത്താണ് ഓണമെങ്കിലും ഇത്തവണ മകളുടെ കൂടെ മഞ്ചേരിയിലെ വീട്ടിലാണ് ഈ അമ്മയുടെ ഓണം. കഷ്ടപാടിലും ദാരിദ്ര്യത്തിന്റെ കൊടുമുടിയിലും മക്കളെ നെഞ്ചോട് ചേര്‍ത്ത് പഠിപ്പിച്ച് സര്‍ക്കാര്‍ ജോലിക്കാരാക്കിയ ഈ അമ്മക്ക് എല്ലാമക്കളും ഒന്നിച്ചുകൂടി ഓണം ആഘോഷിക്കുമ്പോള്‍ മനസ് നിറയും.
അമ്മായിയമ്മ സ്‌നേഹത്തോടെയിട്ട ഓമന പേരാണ് ഭര്‍ത്താവിന്റെ പേരിനോട് സാമ്യമുള്ള മാളുക്കുട്ടിയെന്ന്. യൗവനക്കാലത്ത് തന്നെ ഭര്‍ത്താവ് മാനുക്കുട്ടനെ മരണം തട്ടിയെടുത്തതോടെ മാളു തനിച്ചായി. വിധിയെ പഴിച്ച് ശിഷ്ടക്കാലം കഴിക്കാന്‍ പക്ഷേ 28 കാരിയായ മാളു തയാറായിരുന്നില്ല. കുലത്തൊഴിലായ തുണി അലക്കും വീട്ടുജോലിയുമായി എല്ലുമുറിയെ പണിയെടുത്ത് തന്റെ പറക്കമുറ്റാത്ത അഞ്ച് മക്കളെ മാളുക്കുട്ടി പൊന്നുപോലെ നോക്കി വളര്‍ത്തി. ദാരിദ്ര്യത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും അലട്ടലുകള്‍ അറിയിക്കാതെ അഞ്ച് മക്കളില്‍ നാല് പേരെ സര്‍ക്കാര്‍ ജോലിക്കാരാക്കി.
രണ്ടാമത്തെ മകന്‍ വേണുഗോപാലിനെ ചാലിയാര്‍ പഞ്ചായത്തിലെ ആദ്യത്തെ ബിരുദധാരിയുമാക്കി. എന്തിനാണ് മക്കളെ ഇങ്ങനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നതെന്ന നാട്ടുകാരുടെ ചോദ്യത്തിന് മാളുവിനും മറുപടിയില്ലായിരുന്നു. ലക്ഷ്യമൊന്നുമില്ലായിരുന്നെങ്കിലും മാളുക്കുട്ടിയമ്മ ഇന്ന് നിറ മനസിനുടമയാണ്. മക്കളെല്ലാം സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും നല്ല നിലയില്‍ നിന്നു വിരമിച്ചു.
മൂത്ത മകന്‍ വേലായുധന്‍ ജില്ലാ മെട്രോളജി വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ്. രണ്ടാമത്തെ മകന്‍ വേണുഗോപാലനും മൂന്നാമത്തെ മകന്‍ വിശ്വനാഥനും കെ.എസ്.ഇ.ബിയില്‍ നിന്നും എസ്.ആര്‍.ഒയായി വിരമിച്ചു.
നാലാമത്തെ മകള്‍ ലീല നിലമ്പൂര്‍ നഗരസഭ ഓഫിസില്‍ നിന്നും ഹെഡ്അക്കൗണ്ടന്റായും വിരമിച്ചു. ഇളയ മകളായ റാണിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചില്ലെങ്കിലും ബി. എ. ബിരുദം നേടി. ഇവര്‍ ഭര്‍ത്താവിനോടൊപ്പം സുഖമായി കഴിയുന്നു. പേരക്കുട്ടികളില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരാണ്. തന്റെ മൂത്ത മകന്‍ വേലായുധന്റെ കൂടെ ചാലിയാര്‍ പഞ്ചായത്തിലെ മണ്ണുുപാടത്താണ് 88ാം വയസ്സിലും ചുറുചുറുക്കോടെ കഴിയുന്നത്.
ഈ ഓണത്തിനു മാത്രം മഞ്ചേരിയിലെ മകളുടെ വീട്ടില്‍ വിരുന്നിനെത്തി. മാളുക്കുട്ടിയമ്മയോട് ഇപ്പോള്‍ ആരും എന്തിനാണ് മക്കളെ പഠിപ്പിച്ചതെന്ന് ചോദിക്കാറില്ല. മക്കളെ പോറ്റാന്‍ കഷ്ടപ്പെട്ട കാലത്ത് ഒരു പാട് ആളുകള്‍ തന്നെ സഹായിച്ചതായി മാളുക്കുട്ടിയമ്മ ഓര്‍ക്കുന്നു. നാലകത്ത് ബീരാന്‍ഹാജി, തോണിക്കടവന്‍ മുഹമ്മദ്, നാലകത്ത് കരീം ഹാജി എന്നിവരുടെ പേര് എടുത്ത് പറഞ്ഞു. കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകങ്ങളും. സ്‌കൂളില്‍ പോകാനുള്ള വസ്ത്രവും ഇവര്‍ നല്‍കുമായിരുന്നു. ഇടിവണ്ണ എസ്റ്റേറ്റിലെ ജോലിക്കാരനായിരുന്ന ഭര്‍ത്താവ് മാനുക്കുട്ടന്‍ ക്ഷയ രോഗം മൂലമാണ് മരിച്ചത്. 28ാം വയസില്‍ തനിച്ചായ മാളുക്കുട്ടിയമ്മയെന്ന മാളു ജീവിതത്തോട് പൊരുതിയാണ് കാലത്തെ അതിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."