അവസാന ഹാജിയേയും യാത്രയാക്കിയ സംതൃപ്തിയില്‍ വിഖായ വളണ്ടിയര്‍മാര്‍
മക്ക: ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ഹജ്ജിനായി പുണ്യഭൂമിയില്‍ എത്തിയ ലക്ഷകണക്കിന് വരുന്ന ഹാജിമാര്‍ക്ക് സമര്‍പ്പിത മനസുമായി മിനാ താഴ്‌വരയില്‍ ദുല്‍ഹജ്ജ് എട്ട് മുതല്‍ പതിമൂന്ന് വരെയുള്ള ആറു ദിനരാത്രങ്ങളില്‍ സേവനം ചെയ്ത ആത്മസംതൃപ്തിയില്‍ വിഖായ സേവന സംഘം മിനായോട് വിട പറഞ്ഞു. എസ്.കെ.ഐ.സി സഊദി നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുമെത്തിയ അറുനൂറോളം വരുന്ന വിഖായ സന്നദ്ധ പ്രവര്‍ത്തകര്‍ മൂന്ന് ക്യാപ്റ്റന്മാരുടെ കീഴില്‍ 36 ഗ്രൂപ്പുകളായാണ് മിനായില്‍ സേവനത്തിനിറങ്ങിയത്.
ഇന്ത്യന്‍ ഹാജിമാര്‍ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ വിമാനമിറങ്ങിയ ദിവസം മുതല്‍ അവസാന വിമാനം വന്നിറങ്ങുന്നതു വരെ ജിദ്ദയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ട് ഹജ്ജ് ടെര്‍മിനലിലും മക്കയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മസ്ജിദുല്‍ ഹറം പരിസരം, ഹാജിമാര്‍ കൂടുതല്‍ താമസിക്കുന്ന അസീസിയ, ഹജ്ജ് കര്‍മത്തിന്റെ പ്രധാന സ്ഥലങ്ങളായ മിന, അറഫ, മുസ്തലിഫ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ഹാജിമാര്‍ക്ക് വേണ്ട സേവനത്തിനായി ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ രംഗത്തിറങ്ങിയിരുന്നു. മിനായില്‍ വഴി തെറ്റുന്ന ഹാജിമാരെ അവരുടെ തമ്പുകളില്‍ എത്തിക്കുന്നതിന് പുറമേ, അവശരായ രോഗികളെ വീല്‍ചെയര്‍ സഹായത്തോടെ ജംറകളില്‍ കൊണ്ടുപോയി കല്ലേറ് കര്‍മം നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിഖായ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. മിനായിലെ ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന ഒട്ടുമിക്ക തമ്പുകളിലും നാല് ദിവസങ്ങളില്‍ തുടര്‍ച്ചയായി കഞ്ഞി വിതരണവും നടത്തി. ഹജ്ജിന്റെ അവസാന ദിവസം വരേ മിനായില്‍ വിഖായസംഘം കര്‍മനിരതരായി ഹാജിമാര്‍ക്ക് വേണ്ട സേവനപ്രവര്‍ത്തനങ്ങളില്‍ നടത്തി നിറഞ്ഞ ആത്മസംതൃപ്തിയോടു കൂടിയാണ് മിനായോട് വിടപറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."