കുടിവെള്ളം മുട്ടിച്ചതിനെതിരേ യുവതിയുടെ നിരാഹാരസമരം
കല്‍പ്പറ്റ: കഴിഞ്ഞ നാല് ദിവസമായി കലക്ടറേറ്റ് കവാടത്തിന്റെ ഒരു മൂലയില്‍ ഒരു യുവതി ഒരു പായ വിരിച്ചിരിക്കാന്‍ തുടങ്ങിയിട്ട്.
ഓണത്തിന് പെയ്ത പെരുമഴപോലും വകവെക്കാതെയാണ് ഇവരുടെ ഈ ഇരിപ്പ്. അമ്പലവയല്‍ ആയിരംകൊല്ലി കോളനിയിലേക്കും അവിടേയുള്ള അങ്കണവാടിയിലേക്കും കുടിവെള്ളം നല്‍കാത്തതിലും പ്രതിഷേധിച്ചാണ് കുറുമ സമുദായത്തില്‍പ്പെട്ട എ.സി വിചിത്രയെന്ന യുവതിയുടെ സമരം.
നാല് ദിവസമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പറഞ്ഞ് ഇവര്‍ നിരാഹാരമിരിക്കാന്‍ തുടങ്ങിയിട്ട്. അമ്പലവയല്‍ മൂന്നാം വാര്‍ഡിലെ ട്രൈബല്‍ പ്രമോട്ടറായിരുന്നു ചീങ്ങേരി ആയിരകൊല്ലി കോളനിയിലെ വിചിത്ര.
പുതിയ പ്രമോട്ടര്‍ നിയമനത്തില്‍ പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും മനപൂര്‍വം തന്നെ ഒഴിവാക്കിയെന്ന പരാതിയും ഇവര്‍ക്കുണ്ട്. ട്രൈബല്‍ പ്രമോട്ടറായിരുന്ന സമയത്ത് ആയിരംകൊല്ലി കോളനിയിലെ എട്ടോളം വീടുകളിലേക്കും അവിടത്തെ അങ്കണവാടിയിലേക്കും കുടിവെള്ളം ലഭിക്കാനായി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ കാലം ഇത്ര കഴിഞ്ഞിട്ടും അനുകൂല നടപടി മാത്രമുണ്ടായില്ല.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടൈബ്രല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ക്കും മുന്‍ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്‍മേല്‍ കലക്ടര്‍ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഇതിനിടെ പരാതി നല്‍കിയതിന്റെ പേരില്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പെടെയുള്ള പാര്‍ട്ടികാരും ഉദ്യോഗസ്ഥരും തന്നെ വേട്ടയാടുകയാണെന്നും ഇവര്‍ പറയുന്നു. ആയിരംകൊല്ലിയില്‍ മറ്റു സ്ഥലങ്ങളില്‍ കുടിവെള്ള കണക്ഷന്‍ ഉണ്ടായിട്ടും കോളനിയിലെ വീടുകളിലേക്കും അങ്കണവാടിയിലേക്കും കുടിവെള്ളം നല്‍കാത്തത് നീതി നിഷേധമാണെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് വിചിത്രയുടെ ആവശ്യം.
സമരം ശ്രദ്ധയില്‍പെട്ട കലക്ടര്‍ ശനിയാഴ്ച തന്നെ ഇവരെ ചര്‍ച്ചക്ക് വിളിപ്പിച്ചുവെങ്കിലും സമരം തുടരാനായിരുന്നു വിചിത്രയുടെ തീരുമാനം.
കോളനിയിലെ കുടിവെള്ള പ്രശ്‌നം ഒരു മാസനത്തിനകം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കലക്ടര്‍ ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."