കൂലി വര്‍ധനവില്ല; ടാന്‍ടീ തൊഴിലാളികള്‍ 18ന് പണിമുടക്കും
ഗൂഡല്ലൂര്‍: തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടാന്‍ടീ എസ്റ്റേറ്റ് തൊഴിലാളികള്‍ ഈമാസം പണിമുടക്കും. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നത്.
നീലഗിരി ജില്ലയില്‍ വാള്‍പ്പാറ, കോത്തിരി, കുന്നൂര്‍,നടുവട്ടം, ചേരങ്കോട്, നെല്ലിയാളം, പാണ്ടിയാര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലായി എട്ട് എസ്റ്റേറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. അയ്യായിരം സ്ഥിരം തൊഴിലാളികളും രണ്ടായിരത്തോളം താല്‍ക്കാലിക തൊഴിലാളികളും ഇവിടങ്ങലില്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മതിയായ വേതനം ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് പല സമയങ്ങളിലായി വിവിധ സമരങ്ങള്‍ നടത്തിയെങ്കിലും കൂലി വര്‍ധനവിന് നടപടിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരം ശക്തമാക്കാനൊരുങ്ങുന്നത്.
232 രൂപയാണ് നിലവില്‍ തൊഴിലാളികള്‍ക്കുള്ള ദിവസ വേതനം. എന്നാല്‍ അയല്‍ സംസ്ഥാനമായ കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് 301 രൂപയും സ്വകാര്യ തോട്ടങ്ങളില്‍ 294 രൂപയും നല്‍കുന്നുണ്ട്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും വര്‍ധിച്ച സാഹചര്യത്തില്‍ ഈ വേതനം മതിയാകില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
സമരങ്ങളെ തുടര്‍ന്ന് ടാന്‍ടീ മാനേജ്‌മെന്റ് വേതനം 286 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വരെ നടപ്പിലായിട്ടില്ല.
പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് 18ന് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
താമസിക്കുന്ന ലയങ്ങള്‍ നവീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."