വയനാട്ടുകാര്‍ കുടിച്ചുതീര്‍ത്തത് മൂന്നരക്കോടിയുടെ മദ്യം
മാനന്തവാടി: ഓണാഘോഷ ദിവസങ്ങളിലെ അനധികൃത മദ്യ വില്പനക്കെതിരേ പൊലിസും എക്സൈസും ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും 'അധികൃതരുടെ'മദ്യ വില്പന ജില്ലയില്‍ പൊടിപൊടിച്ചു. ഇത്തവണ ഓണനാളുകളില്‍ വയനാട്ടുകാര്‍ കുടിച്ചു തീര്‍ത്തത് മൂന്നരക്കോടിയോളം രൂപയുടെ മദ്യമാണ്.
ആഘോഷങ്ങളില്‍ മദ്യം ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് ജില്ലയിലെ മദ്യവില്പനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉത്രാടം നാളില്‍ ജില്ലയിലെ ആറ് ബീവറേജസ് ഔട്ട് ലെറ്റുകളില്‍ രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എണ്‍പത്തി എട്ടായിരം രൂപയുടെയും തിരുവോണ നാളില്‍ ഒരു കോടി ഇരുപത്തി മൂന്ന് ലക്ഷത്തി ഏഴായിരത്തിന്റെയും കച്ചവടം നടന്നതായാണ് വിവരം. മാനന്തവാടി ബീവറേജസ് ഔട്ട്ലറ്റിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന നടത്തിയത്. ഇവിടെ ഉത്രാടത്തിന് അന്‍പത്തി ഒന്ന് ലക്ഷത്തി എണ്പതിനായിരത്തിന്റെയും ഓണത്തിന് ഇരുപത്തി എട്ട് ലക്ഷത്തിന്റെയും കച്ചവടമാണ് നടന്നത്.
ഏറ്റവും കുറവ് വില്പന നടത്തിയ പനമരം ഔട്ട്ലറ്റില് ഉത്രാടത്തിന് ഇരുപത്തി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തിന്റെയും തിരുവോണ നാളില്‍ പതിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തിന്റെയും വില്‍പ്പനയാണ് നടന്നത്.
കല്‍പ്പറ്റ ബീവറേജസില്‍ ഉത്രാത്തിന് മുപ്പത്തിരണ്ട് ലക്ഷത്തി അമ്പതിനായിരവും തിരുവോണത്തിന് പത്തൊമ്പത് ലക്ഷം, സുല്‍ത്താന്‍ ബത്തേരിയില്‍ ഉത്രാടത്തിന് നാല്‍പ്പത്തി ഒമ്പത് ലക്ഷത്തി അറുപത്തിരണ്ടായിരം, പുല്‍പ്പള്ളിയില്‍ ഉത്രാടത്തിന് മുപ്പത്തിരണ്ട് ലക്ഷവും തിരുവോണത്തിന് പതിനേഴ് ലക്ഷത്തിന്റെയും അമ്പലവയലില്‍ ഉത്രാടത്തിന് മുപ്പത്തിരണ്ട് ലക്ഷത്തിന്റെയും തിരുവോണത്തിന് പതിനേഴ് ലക്ഷത്തിന്റെയും മദ്യമാണ് വിറ്റഴിഞ്ഞത്.
ഇതിനു പുറമേ ജില്ലയിലെ രണ്ടു ബാറുകളിലും മോശമല്ലാത്ത കച്ചവടം നടന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."