വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിടില്ല: ജോണി നെല്ലൂര്‍
കോട്ടയം: എം.പി വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി വീരേന്ദ്രകുമാര്‍ കൂടിക്കാഴ്ച നടത്തിയത് മുന്നണിമാറ്റത്തിന്റെ ഭാഗമായി കാണേണ്ടതില്ല. ജെ.ഡി.യു ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും യു.ഡി.എഫിനൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫില്‍നിന്ന് ഒരുകക്ഷിയും വിട്ടുപോകില്ല. എന്നാല്‍, യു.ഡി.എഫിലേക്ക് വൈകാതെ കൂടുതല്‍ കക്ഷികള്‍ വന്നുചേരും. അത് ചിലപ്പോള്‍ എല്‍.ഡി.എഫില്‍ നിന്നുമാകാം. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിക്കുകയാണ്.
കോടതികളില്‍ മാനേജ്മെന്റുകള്ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സ്വാശ്രയ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തോറ്റുകൊടുക്കുന്ന സാഹചര്യമാണുള്ളത്. സ്വാശ്രയ മാനേജ്മെന്റുകളുടെ പിണിയാളുകളായി സര്‍ക്കാര്‍ മാറി. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരേ ഈമാസം 14ന് തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."