മദ്യനയത്തിനെതിരേ രാഷ്ട്രീയ-മത നേതാക്കള്‍ രംഗത്തിറങ്ങണം: മദ്യനിരോധന സമിതി
കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ രാഷ്ട്രീയ-മതനേതാക്കള്‍ രംഗത്തിറങ്ങണമെന്ന് മദ്യനിരോധന സമിതി പ്രസിഡന്റ് ഡോ. ജേക്കബ് മണ്ണാറപ്രായില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രാദേശിക മദ്യനിരോധനത്തിനുള്ള ജനാധികാര വകുപ്പുകള്‍ പുനഃസ്ഥാപിക്കണം. സംസ്ഥാനത്തെ ഘട്ടംഘട്ടമായി മദ്യമുക്തമാക്കുമെന്ന വാഗ്ദാനം ലംഘിച്ച് ബാറുകള്‍ തുറക്കുന്നതിന് സഹായിച്ച ജനവിരുദ്ധ നയം സര്‍ക്കാര്‍ ഉപേക്ഷിക്കണം.
മദ്യമാഫിയയുടെ സമ്മര്‍ദത്തിന് വഴങ്ങി സുപ്രിംകോടതി വിധിയെ അട്ടിമറിച്ച് ദേശീയ, സംസ്ഥാന പാതകളുടെ പദവി മാറ്റിയ നടപടി ചരിത്രപരമായ വിഡ്ഢിത്തമാണ്. ടൂറിസം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ പള്ളിക്കും പള്ളിക്കൂടത്തിനും ഹരിജന്‍ കോളനികള്‍ക്കും 50 മീറ്റര്‍ അകലെ മദ്യശാലകള്‍ ആകാമെന്ന പ്രഖ്യാപനം കുടിക്കാത്തവരെയും വിദ്യാര്‍ഥികളെയും മദ്യപാനികളാക്കാനുള്ള തന്ത്രപരമായ നീക്കമാണ്.
പുതിയ മദ്യനയത്തിനെതിരേ മത, രാഷ്ട്രീയ സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, ഫാ.വര്‍ഗീസ് മുഴുത്തേറ്റ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."