വിഴിഞ്ഞം: ജുഡിഷ്യല്‍ അന്വേഷണം അട്ടിമറിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ അന്വേഷിക്കാന്‍ നിയോഗിച്ച ജുഡിഷ്യല്‍ കമ്മിഷനെ അട്ടിമറിച്ച് സര്‍ക്കാര്‍. സി.എ.ജി കണ്ടെത്തിയ വിഴിഞ്ഞം തുറുമുഖ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാനാണ് മൂന്നുമാസം മുന്‍പ് ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. എന്നാല്‍, ഇതുവരെ കമ്മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. കഴിഞ്ഞ മെയ് 31നാണ് സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മുന്‍ ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസും ഓഡിറ്റ് അക്കൗണ്ട്‌സ് സര്‍വിസില്‍ നിന്ന് വിരമിച്ച പി.ജെ മാത്യുവുമാണ് അംഗങ്ങള്‍.
മെയ് 31ന് നടന്ന മന്ത്രിസഭാ യോഗമാണ് ജുഡിഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുത്തത്. എന്നാല്‍, ഒന്നരമാസം കഴിഞ്ഞ് ജൂലൈ 18നാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു. വിജ്ഞാപനമിറങ്ങി ഒന്നരമാസമായിട്ടും കമ്മിഷന് പ്രവര്‍ത്തിക്കാനായിട്ടില്ല. സിറ്റിങ് എറണാകുളത്ത് നടത്താമെന്ന നിര്‍ദേശമാണ് കമ്മിഷന്‍ മുന്നോട്ടുവച്ചത്. എന്നാല്‍, സിറ്റിങ് തിരുവനന്തപുരത്താണെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മറ്റു നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചതുമില്ല. ആവശ്യത്തിന് ജീവനക്കാരെയോ ഓഫിസോ ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഓഫിസിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജീവനക്കാരെ നിയമിക്കാത്തതിന് പിന്നിലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
സി.എ.ജിയാണ് വിഴിഞ്ഞം തുറുമുഖം അദാനിക്ക് തീറെഴുതിയത് കണ്ടെത്തിയത്. 2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അദാനിയുമായുണ്ടാക്കിയ വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. നിലവിലെ പൊതു, സ്വകാര്യ പങ്കാളിത്ത നിയമപ്രകാരം നിര്‍മാണക്കമ്പനിക്ക് 30 വര്‍ഷമാണ് കാലാവധി അനുവദിക്കാറുള്ളത്. 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കപ്പല്‍ വ്യവഹാര വികസന നയത്തിലും പദ്ധതികളിലെ അടിസ്ഥാന കാലാവധി 30 വര്‍ഷമെന്ന് പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലും 2013ലെ ദര്‍ഘാസിലും 30 വര്‍ഷമായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍, അദാനിയുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഇത് ലംഘിച്ചു. അദാനിക്ക് കൊള്ളലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട് കരാറിലേര്‍പ്പെട്ടുവെന്നും സി.എ.ജി കണ്ടെത്തിയിരുന്നു.
കരാര്‍ കാലാവധി 10 വര്‍ഷം നീട്ടിയതിലൂടെ മാത്രം അദാനി ഗ്രൂപ്പിന് 29,217 കോടിയുടെ അധികവരുമാനം ലഭിക്കുമെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. 10 വര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയതിനുപുറമെ തുറമുഖത്തിന്റെ ശേഷി 30 ലക്ഷം ടി.ഇ ആയി കരാറുകാരന്‍ വര്‍ധിപ്പിച്ചാല്‍ നീട്ടാവുന്ന കാലാവധി കരാറില്‍ 20 വര്‍ഷമാക്കി. ഈ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇതുകാരണം 61,095 കോടിയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് വിഴിഞ്ഞം കരാറിനെതിരേ ശക്തമായ പ്രതിഷേധമുണ്ടായി. ഭരണ, പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."