ചാലില്‍ മാണിക്കം 'പപ്പീ'യെന്നു നീട്ടി വിളിച്ചു; ഓണമുണ്ണാന്‍ വാനരക്കൂട്ടമെത്തി
തൃക്കരിപ്പൂര്‍: 'പപ്പീ' യെന്നു ചാലില്‍ മാണിക്കം സ്‌നേഹത്തോടെ നീട്ടിവിളിച്ചപ്പോള്‍ 'വാനരനായകന്‍' ചില്ലകളില്‍ ചാടിപ്പിടിച്ചു പറന്നെത്തി. വന്‍ ജനക്കൂട്ടത്തെ കണ്ടു ഭയന്നുവെങ്കിലും നിത്യവും ചോറൂട്ടാനെത്തുന്ന അമ്മയെ കണ്ടപ്പോള്‍ വാനരക്കൂട്ടം ആഹ്ലാദത്തിമിര്‍പ്പിലായി. നേര്‍ത്ത വള്ളിയില്‍ ഒരു കാല്‍ മാത്രം ചുറ്റിപ്പിടിച്ച് ഊഞ്ഞാല്‍ പോലെ സ്വയം ആടിത്തുടിച്ച് ഇലയിലെ വിഭവങ്ങള്‍ റാഞ്ചിയെടുത്തു. സദ്യവട്ടത്തില്‍ സംതൃപ്തരായവര്‍ വയറുനിറയെ അകത്താക്കി. പിന്നെ ഏമ്പക്കം വിട്ടും ഇടക്കിടെ കാണികളെ ക്രോക്രി കാണിച്ചും തമാശക്കാരായി.
ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച വാനരര്‍ക്കുള്ള പത്താമത് ഓണസദ്യയാണു വാനരപ്പടയുടെ പോക്കിരിത്തരങ്ങള്‍ നിറഞ്ഞു കാഴ്ചക്കാരില്‍ കൗതുകം പകര്‍ന്നത്.
ഇടയിലെക്കാട് കാവിലെ ഏറെ ഇണക്കമുള്ള വാനര സംഘത്തിനു സഞ്ചാരികള്‍ നല്‍കി വരുന്ന ബേക്കറി പലഹാരങ്ങളും ഉപ്പു ചേര്‍ത്ത ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ അവയുടെ പ്രത്യുല്‍പ്പാദനശേഷി നശിപ്പിക്കുന്നതിനെതിരേ ബോധവല്‍ക്കരണം നടത്തുന്നതിനാണു വേറിട്ട സദ്യ വിളമ്പല്‍ ഒരുക്കിയത്. നാടന്‍ പഴങ്ങളും പച്ചക്കറികളും ചേര്‍ത്തായിരുന്നു സദ്യ. വട്ടത്തിലും നീളത്തിലും മുറിച്ചെടുത്ത തക്കാളി, ബീറ്റ്‌റൂട്ട്, കൈതച്ചക്ക, കാരറ്റ്, വത്തക്ക, പപ്പായ, കക്കിരി, വാഴപ്പഴം, കോവയ്ക്ക തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. കുടിക്കാന്‍ സ്റ്റീല്‍ ഗ്ലാസില്‍ വെള്ളവും നല്‍കി. കാവിനോരം ചേര്‍ന്നു ഡസ്‌ക്കുകളും കസേരകളും അടുക്കി വച്ച് അതിനു മുകളില്‍ കുരുന്നുകള്‍ വാഴയിലകള്‍ നിരത്തി. തുടര്‍ന്നു മാണിക്കം ചോറു വിളമ്പി. പിറകെ വിഭവങ്ങളും. ഇരുപതോളമടങ്ങുന്ന വാനരപ്പട ആവേശത്തോടെ സദ്യയില്‍ പങ്കാളികളായി.
ജില്ലാ പഞ്ചായത്ത് അംഗം പി.സി സുബൈദ, ഗ്രാമ പഞ്ചായത്ത് അംഗം വി.കെ കരുണാകരന്‍, ഗ്രന്ഥാലയം പ്രസിഡന്റ് പി.വി പ്രഭാകരന്‍, സെക്രട്ടറി പി. വേണുഗോപാലന്‍, ബാലവേദി കണ്‍വീനര്‍ എം. ബാബു, ആനന്ദ് പേക്കടം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."