ദുരന്തം താങ്ങാനാകാതെ ജില്ല
കാസര്‍കോട്: വിട്ടൊഴിയാത്ത ദുരന്തവാര്‍ത്തകള്‍ക്കു നടുവില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണു ജില്ല. ഒരു മാസത്തിനിടയില്‍ രണ്ടു ജീവനുകള്‍ ചേരൂരിലെ ചന്ദ്രഗിരിപ്പുഴ കവര്‍ന്നതോടെ ചേരൂര്‍ പ്രദേശം കണ്ണീര്‍പ്പുഴയായി മാറി. കഴിഞ്ഞ മാസം പതിനാലിനു കെ.കെ ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസയെ കാണാതായതിനെ തുടര്‍ന്ന് ഇവര്‍ പുഴയില്‍ വീണതായി സംശയിച്ചു രക്ഷാപ്രവര്‍ത്തകര്‍ ഒരു ദിവസം മുഴുവന്‍ പുഴയില്‍ ഇടതടവില്ലാതെ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും പിറ്റേ ദിവസം രാവിലെ ഒന്‍പതോടെ റുമൈസയുടെ ചേതനയറ്റ ശരീരം പെരുമ്പള പാലത്തിനടുത്തു കണ്ടെത്തുകയായിരുന്നു.
ഇതോടെ കണ്ണീരിലും വേദനയിലും കഴിഞ്ഞിരുന്ന ചേരൂര്‍ പ്രദേശത്ത് ഇരുപതാം ദിവസം രണ്ടര വയസുകാരനായ ശഅബാനെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ കാണാതായി. റുമൈസക്കു സംഭവിച്ച ദുരന്തം ശഅബാനു സംഭവിക്കരുതെന്ന ഉള്ളുരുകിയ പ്രാര്‍ഥനയായിരുന്നു ബലിപെരുന്നാള്‍ ദിവസം പിറ്റേന്നുണ്ടായ സംഭവത്തോടെ എല്ലാവരിലുമുണ്ടായത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകുമെന്ന സംശയത്തില്‍ ഈ രീതിയിലും പൊലിസ് അന്വേഷണം നടത്തി വന്നിരുന്നു. അതോടൊപ്പം പ്രദേശവാസികളും പൊലിസും രക്ഷാസേനാ അംഗങ്ങളും രാപകല്‍ വിശ്രമമില്ലാതെ പുഴയില്‍ തിരച്ചില്‍ നടത്തി വരുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കഴിഞ്ഞ ദിവസം രാവിലെ പത്തോടെ ഈ കുരുന്നിന്റെ ചേതനയറ്റ ശരീരം കാസര്‍കോട് തളങ്കര കെ.കെ പുറത്തെ പുഴയില്‍ കണ്ടെത്തിയതോടെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും വാവിട്ടു നിലവിളിച്ചു.
ഏക മകന്റെ വിയോഗം താങ്ങാനാവാതെ ശഅബാന്റെ ഉപ്പയും ഉമ്മയും വിങ്ങിപ്പൊട്ടിയതോടെ ഇവരെ ആശ്വസിപ്പിക്കാന്‍ കഴിയാതെ നാട്ടുകാരും കുഴങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് കബീറിന്റെ പിതാവിന്റെ ആണ്ടു നേര്‍ച്ച ചടങ്ങ് വീട്ടിലുണ്ടായിരുന്നു.
ഇതില്‍ പങ്കെടുക്കാനായി ഇവരുടെ കുടുംബക്കാരും മറ്റും വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണു കുട്ടിയെ കാണാതായത്. ശഅ്ബാന്റെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറു കണക്കിനാളുകളാണ് ആശുപത്രിയിലും വീട്ടിലും ഒഴുകിയെത്തിയത്.
ജില്ലയിലെ ജനങ്ങളെ ദുഃഖത്തിലാഴ്ത്തി കൊണ്ടിരിക്കെയാണ് ഓണ ദിവസം കുടുംബ വീട്ടിലേക്കു വിരുന്നു പോയ കൗശിക് വിനോദെന്ന മൂന്നു വയസുകാരനെ വീട്ടുമുറ്റത്തെ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നുംകൈ ചേലേട് തീര്‍ഥങ്കര വീട്ടിലെ വിനീത്-ആതിര ദമ്പതികളുടെ മകനായ കുട്ടിയെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണു കാണാതായത്.
ഇന്നലെ ഉച്ചക്ക് ഒന്നോടെയാണു കുമ്പള ഷിറിയയില്‍ പുഴയില്‍ ചൂണ്ടയിട്ടു മീന്‍ പിടിക്കുകയായിരുന്ന കര്‍ണാടക സ്വദേശിയും കാസര്‍ക്കോട് അണങ്കൂരില്‍ താമസക്കാരനുമായ മുഹമ്മദലിയെന്ന മുപ്പത്തിയാറുകാരന്‍ പുഴയില്‍ വീണു മരിച്ചത്. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം തോണിയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞാണ് അപകടം സംഭവിച്ചത്. മുഹമ്മദലിയുടെ കൂടെയുണ്ടായിരുന്നവര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും മുഹമ്മദലി മുങ്ങിയതോടെ സുഹൃത്തുക്കള്‍ കരയിലേക്കു നീന്തി രക്ഷപ്പെടുകയായിരുന്നു.
ഓണനാളില്‍ രാവിലെ ഒന്‍പതോടെയാണ് ഉഡുപ്പി ഉദ്യാവാറില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഉപ്പള പത്വാടിയിലെ അബ്ദുല്‍ റഹിമാന്‍ നസീമ എന്നിവരുടെ മിര്‍ഷാദ് (20 ) മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റു ആറു സുഹൃത്തുക്കള്‍ക്കും സംഭവത്തില്‍ പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."