ജീവശ്വാസം കിട്ടാതെ മധ്യപ്രദേശിലും ശിശുമരണം
ഭോപ്പാല്‍: ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശിലും ശിശുമരണം. ശാഹ്‌ദോലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ മാസം പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ചത് 36 കുഞ്ഞുങ്ങള്‍.
ഇതുവരെ ആശുപത്രി അധികൃതര്‍ ശിശുമരണം മൂടിവച്ചിരിക്കുകയായിരുന്നു. ഭോപ്പാലില്‍ നിന്നും 550 കിലോമീറ്റര്‍ അകലെയാണ് ഈ ആശുപത്രി. പ്രദേശത്തെ ആദിവാസി വിഭാഗത്തില്‍പെടുന്നവരുടെ ഏക ആശ്രയമാണിവിടം.
ശിശുമരണത്തെക്കുറിച്ച് എന്തെങ്കിലും തുറന്നു പറയാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ല. അതേസമയം മികച്ച പരിശീലനം ലഭിച്ച ജീവനക്കാരുടെ അഭാവമാണ് കുഞ്ഞുങ്ങള്‍ മരിക്കാനിടയാക്കിയതെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു.
പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ലഭിക്കാത്തതിനാല്‍ ആശുപത്രിയിലെ നാല് വെന്റിലേറ്ററുകള്‍ പൊടിപിടിച്ചു കിടക്കുകയാണെന്നും ചില ആശുപത്രി ജീവനക്കാര്‍ രഹസ്യമായി പറയുന്നു.
എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ 195 നവജാത ശിശുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നതായും അവരില്‍ 36 പേര്‍ വേണ്ട ശരീരഭാരമില്ലാത്തതിനാല്‍ മരിക്കുകയായിരുന്നുവെന്നുമാണ് പ്രത്യേക തീവ്രപരിചരണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. വി.ഡി. സോന്‍വാനി പറയുന്നത്.
എല്ലാ മാസവും നവജാത ശിശുക്കളുടെ മരണനിരക്ക് പരിശോധിക്കാറുണ്ടെന്നും അടുത്തിടെ മരണസംഖ്യ കുറയുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ഡോ.രാജേഷ് പാണ്ഡെ പറഞ്ഞു.
ചികിത്സാ സൗകര്യങ്ങള്‍ വളരെ കുറവായ പ്രദേശമാണ് ശാഹ്‌ദോല്‍. കഴിഞ്ഞ വര്‍ഷം ശാഹ്‌ദോലിലെ എം.പി ആയിരുന്ന ദല്‍പത് സിങ് പരസ്‌തേ ഇവിടെ പൊതുപരിപാടിക്കിടെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണിരുന്നു.
പിന്നീട് എയര്‍ ആംബുലന്‍സില്‍ ഗുഡ്ഗാവിലെത്തിച്ചെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."