കാട്ടാനകള്‍ വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ചു
മണ്ണാര്‍ക്കാട്: എടത്തനാട്ടുകര മുണ്ടകുന്നില്‍ വീണ്ടും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയോളമായി കാടിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഇതിനോടകം ലക്ഷക്കണക്കിന് രൂപയുടെ കൃഷികളാണ് പ്രദേശത്ത് കാട്ടാനകള്‍ നശിപ്പിച്ചത്.
ശനിയാഴ്ച രാത്രി കാടിറങ്ങി എത്തിയ കാട്ടാനക്കൂട്ടം പടിഞ്ഞാറെപ്പളള സുബൈറിന്റെ കൃഷിയിടത്താണ് വ്യാപകമായി നാശം വിതച്ചത്. 20 കവുങ്ങുകള്‍, ഇടവിള കൃഷിയായ നിരവധി വാഴകളുമാണ് നശിപ്പിച്ചത്. പി.പി റഷീദ്, പി.പി സലാം, പി.പി ഫാത്തിമ എന്നിവരുടെ കവുങ്ങുകളും, വാഴകളും നശിപ്പിച്ചിട്ടുണ്ട്.
നേരം ഇരുട്ടുന്നതോടെ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്ന കാട്ടാനക്കൂട്ടം നേരം വെളുക്കുവോളം പ്രദേശത്ത് ഭൂതി പരത്തി അലയുന്നതും പതിവാണ്.
നിരന്തരം കാട്ടാനശല്യം രൂക്ഷമായത് കാരണം ഇവിടുത്തെ സാധാരക്കാരുടെതടക്കമുളള ജനത്തിന്റെ ജീവിതം താളം തെറ്റിയ നിലയിലാണ്.
രാത്രിയില്‍ കാട്ടാനകളെ തുരത്താനും വീട്ടില്‍ അന്തിയുറങ്ങുന്നവര്‍ക്കും കാവലിരിക്കുകയും ചെയ്യുന്ന മുതിര്‍ന്നവര്‍ക്ക് പകലില്‍ ജോലിക്ക് പോലും പോവാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്ത് വനം വകുപ്പ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ജനകീയാവശ്യത്തിനും അധികൃതര്‍ അനങ്ങാപാറ നയത്തിലാണ്.
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ ഇനിയും വൈകിയാല്‍ പ്രത്യക്ഷ സമരവുമായി പ്രദേശത്തുകാര്‍ രംഗത്തുവരുമെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി ഹംസപ്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."