അനധികൃത മദ്യം പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് അനധികൃത മദ്യം പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തെ നാട്ടുകാര്‍ തടയുകയും കസ്റ്റഡിയിലെടുത്ത രണ്ട് പേരെ ബലമായി മോചിപ്പികികുകയും ചെയ്തു. ശ്രീ നാരായണപുരം സെന്ററിന് പടിഞ്ഞാറ് വശം പനങ്ങാടന്‍ രഘുനാഥന്‍ (47) , അയല്‍വാസി ശ്രീനാരായണപുരത്ത് ബാബു (48) എന്നിവരുടെ വീടുകളില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. രഘുനാഥന്റെ വീട്ടില്‍ നിന്നും രണ്ട് കുപ്പി മദ്യവും ബാബുവിന്റെ വീട്ടില്‍ നിന്നും ഒരു കുപ്പി മദ്യവും പിടിച്ചെടുത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഉച്ചയോടെ മഫ്തിയിലെത്തിയ രണ്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു.
ഇതിനിടെ എക്‌സൈസ്സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍ ജോസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. സംഭവവുമായി ബന്ധപ്പെട്ട് രഘുനാഥനെയും ബാബുവിനെയും കസ്റ്റഡിയിലെടുത്തുവെങ്കിലും നൂറിലധികം പേരടങ്ങിയ നാട്ടുകാര്‍ ബലം പ്രയോഗിച്ച് ഇരുവരെയും മോചിപ്പിച്ചു. അന്തരീക്ഷം വഷളായതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൊലിസ് സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കസ്റ്റഡിയിലെടുത്തവരെ ഉപേക്ഷിച്ച് മദ്യ കുപ്പിയുമായി എക്‌സൈസ് സംഘം മടങ്ങി. ഇതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ബാബുവിനെയും ഭാര്യ അഞ്ജനയെയും പെരിഞ്ഞനം കുറ്റിലക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് ഡിസ്റ്റിലറി ജീവനക്കാരനായ രഘുനാഥന്‍ അനധികൃതമായി കൊണ്ടു വരുന്ന ഹോളോഗ്രാം ഇല്ലാത്ത മദ്യം ആരോഗ്യ വകുപ്പ് ജീവനക്കാരനും അംഗപരിമിതനുമായ ബാബുവിന്റെ സഹായത്തോടെ വില്‍പ്പന നടത്തുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ എക്‌സൈസ് അധികൃതര്‍ രണ്ട് കുടുംബങ്ങളെ അന്യായമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മതിലകം പൊലിസില്‍ പരാതി നല്‍കി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍ ജോസ്, പ്രിവന്റീസ് ഓഫീസര്‍ നെല്‍സന്‍, ടി.എസ് സുനില്‍കുമാര്‍, പ്രിന്‍സ്, അബ്ദുള്‍ നിയാസ് അടങ്ങിയ എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."