പതിവ് തെറ്റിക്കാതെ ഉമ്മന്‍ചാണ്ടിയുടെ ഓണാഘോഷം കാന്‍സര്‍ രോഗികള്‍ക്കൊപ്പം
തിരുവനന്തപുരം: ഓണാഘോഷത്തിലെ പതിവ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്തവണയും തെറ്റിച്ചില്ല. ആര്‍.സി.സിയിലെ പാവപ്പെട്ട കാന്‍സര്‍ രോഗബാധിതര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഒപ്പമായിരുന്നു അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ഇത്തവണത്തെയും ഓണാഘോഷം.
ഉമ്മന്‍ചാണ്ടിയുടെ ജഗതിയിലുള്ള വസതിയിലായിരുന്നു ഇത്തവണ ആഘോഷം. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ആര്‍.സി.സിയില്‍ നിന്ന് കാന്‍സര്‍ രോഗികളും കൂട്ടിരിപ്പുകാരും വസതിയിലെത്തി. ഓരോരുത്തരോടും അദ്ദേഹം അസുഖവിവരം തിരക്കി. സര്‍ക്കാരില്‍നിന്ന് അവര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളുടെ വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ സഹായം യഥാസമയം ലഭ്യമാക്കുന്നതിന് തന്റെ വ്യക്തിപരമായ ഇടപെടലുണ്ടാകുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പു നല്‍കി.
അബൂദബി ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ ഫോറമാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ഇത്തരം രോഗികള്‍ക്കുവേണ്ട സഹായം ചെയ്യേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണെന്ന് ഫോറം പ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഫോറം നേരത്തെ ഏറ്റെടുത്ത സുജ എന്ന കാന്‍സര്‍ രോഗിയുടെ ഭവനനിര്‍മാണത്തിനു സമാഹരിച്ച അഞ്ചു ലക്ഷം രൂപ അദ്ദേഹം അവര്‍ക്കു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."