ആത്മസംതൃപ്തിയുടെ നിറവില്‍ പരിശുദ്ധ ഹജ്ജിനു സമാപനം
മക്ക: ത്യാഗോജ്ജ്വലമായ സ്മരണകള്‍ പുതുക്കി ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനു സമാപനമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തി മൂന്നര ലക്ഷം ഹാജിമാരില്‍ പകുതിയിലധികംപേരുംഞായറാഴ്ചയോടു കൂടി മിനായില്‍നിന്നു വിടപറഞ്ഞെങ്കിലും ബാക്കിയുള്ളവര്‍ തിങ്കളാഴ്ച വൈകിട്ടോടെ മിനായില്‍ നിന്നും മടങ്ങി.
മിനായില്‍നിന്നു മടങ്ങിയ ഹാജിമാരില്‍ ആഭ്യന്തര തീര്‍ഥാടകര്‍ വിദാഇന്റെ ത്വവാഫിനുശേഷം മദീനാ സന്ദര്‍ശനവും കഴിഞ്ഞു സ്വദേശങ്ങളില്‍ എത്തിച്ചേര്‍ന്നു. വിദേശ ഹാജിമാരില്‍ മുമ്പ് മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയിലേക്കും സന്ദര്‍ശിച്ചവര്‍ സ്വദേശങ്ങളിലേക്കും യാത്രയായി. വിദേശ ഹാജിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ നിന്നാണ് യാത്ര തിരിക്കുന്നത്.
ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്ന് മുതലാണ് മടക്കയാത്ര ആരംഭിക്കുന്നത്. നേരത്തെ തന്നെ പുണ്യഭൂമിയില്‍ വന്നിറങ്ങിയ ഹാജിമാരില്‍ മദീന സന്ദര്‍ശനം കഴിഞ്ഞവരാണ് മടക്കയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ബാക്കിയുള്ളവര്‍ മദീന സന്ദര്‍ശനത്തിനായുള്ള ഒരുക്കത്തിലാണ്. ആദ്യസംഘം ഇന്ന് ജിദ്ദ വിമാനത്താവളം വഴി യാത്ര തിരിക്കും. ഇന്ന് മുതല്‍ അടുത്തമാസം അഞ്ചുവരെയാണ് ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര.
ലക്‌നൗവില്‍ നിന്നെത്തിയ സംഘമാണ് ഇത്തവണ ആദ്യം മടങ്ങുന്നത്. മദീന വിമാനത്താവളം വഴിയെത്തിയവര്‍ ജിദ്ദയില്‍നിന്നും ജിദ്ദ വിമാനത്താവളം വഴിയെത്തിയവര്‍ മദീനയില്‍നിന്നുമാണ് യാത്ര തിരിക്കുക. മലയാളി ഹാജിമാരുടെ മടക്കയാത്ര ഈ മാസം 20 മുതലാണ് ആരംഭിക്കുക. മദീനയില്‍ നിന്നായിരിക്കും ഇവരുടെ യാത്ര.
അതേസമയം, ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ പര്യവസാനിച്ച സന്തോഷത്തിലാണ് സഊദി ഭരണകൂടം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഒഴുകിയെത്തിയെങ്കിലും യാതൊരു പ്രയാസവും കൂടാതെ മുഴുവന്‍ കര്‍മങ്ങളും സുഗമമായി നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സഊദി ഹജ്ജ്, ഉംറ മന്ത്രാലയവും മക്ക അതോറിറ്റിയും. വിവിധ വിഭാഗങ്ങള്‍ ഹജ്ജിനു ശേഷം ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താസമ്മേളനം നടത്തിയാണ് സന്തോഷം പങ്കുവച്ചത്.
മക്ക അമീറും സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും മിനയില്‍ വാര്‍ത്താ സമ്മേളനം നടത്തി ഹജ്ജ് പരിപൂര്‍ണ വിജയമായിരുന്നുവെന്ന് വ്യക്തമാക്കി.
സേവന മഹത്വവും സംസ്‌കാരവും വിളിച്ചറിയിക്കുന്ന ഹജ്ജായിരുന്നു ഇത്തവണത്തേത്. സമാധാനം, സുരക്ഷ തുടങ്ങിയ സന്ദേശങ്ങള്‍ ലോകത്തിന് മുന്‍പില്‍ എത്തിക്കണമെന്നും അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹജ്ജ് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇരു പുണ്യനഗരങ്ങളുടെയും വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഖാലിദ് അല്‍ ഫൈസല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."