മെഡിക്കല്‍ കോളജ് സി.എച്ച് സെന്റര്‍ പതിനേഴിന്റെ നിറവില്‍
കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ മെഡിക്കല്‍ കോളജ് സി.എച്ച് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് പതിനേഴു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായാണ് സെന്റര്‍ സ്ഥാപിച്ചത്.
മലബാറിലെ പ്രധാന ആതുരാലയമായ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന നിര്‍ധനരും നിരാലംബരുമായ ആയിരക്കണക്കിനാളുകള്‍ക്ക് ഭക്ഷണവും മരുന്നും മറ്റു ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്ന സംസ്ഥാനത്തെ മികച്ച മാതൃകാ സ്ഥാപനമാണ് സി.എച്ച് സെന്റര്‍. ദിവസവും ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി രാവിലെയും വൈകിട്ടും 350ഓളം പേര്‍ക്കു വീതം ഇവിടെ നിന്നു സൗജന്യ ഭക്ഷണ വിതരണം പതിനേഴു വര്‍ഷമായി തുടര്‍ന്നുവരുന്നു.
സി.എച്ച് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് കേന്ദ്രത്തില്‍ അര്‍ഹതയുടെ മാനദണ്ഡമനുസരിച്ച് ദിനംപ്രതി 27 പേര്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തിവരുന്നു.
കൂടാതെ സൗജന്യ നിരക്കില്‍ ആംബുലന്‍സ് സേവനവും നല്‍കിവരുന്നുണ്ട്. സി.എച്ച് സെന്റര്‍ വിവിധ ഘട്ടങ്ങളിലായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു നിരവധി ചികിത്സാ ഉപകരണങ്ങള്‍ സംഭാവന നല്‍കിയതായി ആശുപത്രി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്താം വാര്‍ഡ് നവീകരിച്ചതും ഓപറേഷന്‍ തിയറ്റര്‍ കെട്ടിടം വിപുലീകരിക്കുന്നതിന് സഹായം നല്‍കിയതും അവിടേക്ക് ഉപകരണങ്ങള്‍ നല്‍കിയതും സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലെ മികവാണ്.
നിര്‍ധനരായ ആളുകള്‍ക്ക് സൗജന്യമായും അല്ലാത്ത ആളുകള്‍ക്ക് മിതമായ നിരക്കിലും ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു താമരശ്ശേരിക്കടുത്ത് ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതിന് സുമനസുകളുടെ സഹായത്തോടെ 28 ഏക്കര്‍ സ്ഥലം വാങ്ങാനും പതിനേഴു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സാധിച്ചുവെന്ന ചാരിതാര്‍ഥ്യത്തിലാണ് സി.എച്ച് സെന്ററിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും. നാട്ടിലും മറുനാട്ടിലുമുള്ള സുമനസുകളുടെ അകമഴിഞ്ഞ പിന്തുണയാണ് സി.എച്ച് സെന്ററിനെ ജീവസുറ്റതാക്കുന്നത്.
മെഡിക്കല്‍ കോളജ് സനാ ടവറില്‍ ഇന്നു നടക്കുന്ന വാര്‍ഷിക ദിനാചരണം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."