സരോവരം ബയോ പാര്‍ക്ക്; അനാസ്ഥയുടെ നേര്‍സാക്ഷ്യം
കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വേകിയ സരോവരം ബയോ പാര്‍ക്ക് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നു. കോടികള്‍ ചെലവഴിച്ചു വര്‍ഷങ്ങളുടെ പ്രയത്‌നത്തില്‍ നിര്‍മിച്ച ഏക്കറുകളോളമുള്ള പാര്‍ക്കില്‍ വലിയ പ്രതീക്ഷയോടെയെത്തുന്ന സന്ദര്‍ശകര്‍ ശോചനീയാവസ്ഥ കണ്ട് തിരിച്ചു പോവുകയാണ്. ഇവിടുത്തെ കളിപ്പൊയ്കയിലൂടെയുള്ള ബോട്ട് സവാരി മുടങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നു.
ബോട്ടിലേക്കു കയറാനായി തയാറാക്കിയ മരം കൊണ്ടുള്ള നടപ്പാലം തകര്‍ന്നതു കാരണമാണ് ബോട്ടിങ് നിര്‍ത്തിവച്ചത്. സരോവരം പാര്‍ക്കിന്റെ തെക്കുഭാഗത്താണ് മനോഹരമായ തടാകം നിലനില്‍ക്കുന്നത്. പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായ കളിപ്പൊയ്കയില്‍ കുടുംബങ്ങളുള്‍പ്പടെ നിത്യേന നൂറുകണക്കിനാളുകള്‍ ബോട്ട് സവാരിക്കെത്താറുണ്ടായിരുന്നു.
15 ലേറെ ബോട്ടുകള്‍ തടാകത്തിലുണ്ട്. ഒരു വര്‍ഷത്തോളം മുടങ്ങിക്കിടന്നതിനാല്‍ ഈ ബോട്ടുകളെല്ലാം ഉപയോഗശൂന്യമായി നശിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ഏജന്‍സിയാണ് ഇവിടെ ബോട്ട് സര്‍വിസ് നടത്തിയിരുന്നത്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് നല്‍കിക്കൊണ്ടിരുന്നത്. ഇത്തരത്തില്‍ ദിവസവും വലിയൊരു തുക വരുമാനം ബോട്ടിങ്ങിലൂടെ ഡി.ടി.പി.സിക്കു ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിശ്ചലമായി കിടക്കുന്നത്.
കണ്ടലുകളാല്‍ ചുറ്റപ്പെട്ടതും അപൂര്‍വ മത്സ്യസമ്പത്തും നിറഞ്ഞ ഇടമായിരുന്നു കളിപ്പൊയ്ക. എന്നാല്‍ കളിപ്പൊയ്കക്കു സമീപം ഒഴുകിക്കൊണ്ടിരിക്കുന്ന കനോലി കനാലില്‍ നിന്നുള്ള മലിനജലം കലര്‍ന്ന് പൊയ്കയിലെ ജലം കൂടി മലിനമായിക്കൊണ്ടിരിക്കുകയാണ്. ഇവക്കിടയില്‍ തകര്‍ന്നു കിടക്കുന്ന ഷട്ടര്‍ ശരിയാക്കിയാല്‍ മാത്രമെ മലിനജലം കലരുന്നത് ഇല്ലാതാകൂ. ഷട്ടറുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിലാണ്. ഇവ മാറ്റി സ്ഥാപിക്കാന്‍ ടൂറിസം വകുപ്പിനു പരിമിതികളുണ്ട്. അതുകൊണ്ടു തന്നെ പൊതുമരാമത്ത്, വിനോദസഞ്ചാരം, ജലസേചനം എന്നീ വകുപ്പുകളുടെ ഏകോപനത്തില്‍ കൂടി മാത്രമെ കളിപ്പൊയ്കക്ക് ശാപമോക്ഷം ലഭിക്കുകയുള്ളൂ.
കൂടാതെ പാര്‍ക്കിന്റെ ആരംഭത്തില്‍ കനോലി കനാലിന് കുറുകെയുണ്ടായിരുന്ന പാലം പുതുക്കിപ്പണിതിരുന്നു. ബൈപാസ് റോഡില്‍നിന്ന് സരോവരം പാര്‍ക്കിലേക്കുള്ള ഏക വഴിയായ ഈ പാലം ഏതു സമയത്തും തകര്‍ന്നു വീഴുമെന്ന നിലയിലാണ്. കനാലില്‍ ഉറപ്പിച്ച കാലുകള്‍ ദ്രവിക്കുകയും തുടര്‍ന്ന് അപകട സൂചനാ ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ദിനേന നിരവധി പേര്‍ പാര്‍ക്കിലെത്തുമ്പോഴും ഏതു സമയവും തകര്‍ന്നു വീഴാവുന്ന നിലയിലാണ് ഈ പാലം.
കൂടാതെ കഫ്റ്റീരിയയും സെമിനാര്‍ ഹാളും ഇതു വരെയും ഇവിടെ തുറന്നു കൊടുത്തിട്ടില്ല. കഫ്റ്റീരിയ തുറക്കുന്നത് വഴി മാസ വാടകയിലൂടെ നല്ല ലാഭം ലഭിക്കും. വലിയ വാടക ചോദിക്കുന്നതിനാലാണ് ഇത് ആരും ഏറ്റെടുക്കാത്തതെന്നാണ് ആരോപണം. പാര്‍ക്കിലെ ഇരിപ്പിടങ്ങളില്‍ പലതും ഇന്നും തകര്‍ന്ന നിലയിലാണ്. ഇരിപ്പിടങ്ങള്‍ തകര്‍ന്നത് ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ സന്ദര്‍ശകര്‍ക്ക് പരുക്കു പറ്റുന്നതും സ്ഥിരം കാഴ്ചയാണ്.
സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങളുടെ വന്‍ ശേഖരം ഇവിടെ ഒരുക്കിയിരുന്നു. ഇവ പരിപാലിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിരുന്നു. എന്നാല്‍ ഇന്നു ചട്ടികള്‍ മാത്രമാണ് പാര്‍ക്കില്‍ അവശേഷിക്കുന്നത്. കൂടാതെ വാട്ടര്‍ മ്യൂസിയം, അക്വേറിയം, ബട്ടര്‍ഫ്‌ളൈ പാര്‍ക്ക്, കള്‍ച്ചറല്‍ വില്ലേജ്, പക്ഷി സങ്കേതം, പുല്‍മേട് നിര്‍മാണം എന്നിവ ഇതുവരെയും ഇവിടെ യാഥാര്‍ഥ്യമാക്കിയിട്ടില്ല. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ പാര്‍ക്കിനെയും ഉള്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷകമാക്കണമെന്നാണ് സന്ദര്‍ശകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."