ദമ്പതിമാരുടെ വള്ളംകളി സംഘടിപ്പിച്ച് വ്യത്യസ്തമായി ഓണാഘോഷം
കുട്ടനാട്: ദമ്പതിമാരുടെ വള്ളംകളി സംഘടിപ്പിച്ച് വ്യത്യസ്തമായി ഓണാഘോഷം. കൈനകരി മഞ്ചാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് വള്ളംകളി നടത്തിയത്.
രണ്ടാം തവണയാണ് ഇത്തരത്തില്‍ മത്സരവള്ളം കളി സംഘടിപ്പിക്കുന്നത്. ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന വള്ളം കളി രംഗത്തേക്ക് നെഹ്റു ട്രോഫിയിലുള്‍പ്പെടെ വനിതകള്‍ പങ്കെടുത്തു തുടങ്ങിയതോടെയാണ് ദമ്പതികളുടെ മത്സരവള്ളം കളിയെന്ന രീതിയിലേക്ക് സംഘാടകര്‍ മാറി ചിന്തിച്ചത്.
കൈനകരി കുട്ടമംഗലം പാലുകാരന് തോട്ടിലെ 100 മീറ്റര്‍ നീളമുള്ള ട്രാക്കാണ് വ്യത്യസ്തമായ ഓണക്കളിക്ക് വേദിയായത്. കുട്ടനാട്ടില്‍ നിന്നുള്ള ദമ്പതിമാരുടെ 10 ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്. ഹീറ്റ്സില്‍ മികച്ച സമയം കുറിച്ച ടീമുകള്‍ സെമി ഫൈനലിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും യോഗ്യത നേടി.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ വള്ളം മുങ്ങി ട്രോഫി നഷ്ടപ്പെട്ട രഞ്ജിത്ത് അനിത ദമ്പതിമാര്‍ മത്സരത്തില്‍ വിജയികളായത് കൗതുകമായി.
മണിയന് സുനിത ദമ്പതികള്‍ക്കാണ് രണ്ടാം സ്ഥാനം. മുന്‍ താരങ്ങളുടെ സ്മരണാര്‍ഥം യു.ബി.സി കൈനകരിയാണ് പുരസ്കാരങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."