മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം
മൂന്നാര്‍: തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടങ്ങി. മൂന്നാര്‍ മേഖലയിലെ മുഴുവന്‍ ഹോട്ടലുകളും ഈ ദിവസങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. ഓണത്തോടനുബന്ധിച്ചുള്ള അവധി ആയതിനാല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് ഈ ദിവസങ്ങളിലാണ്.
ആഭ്യന്തര സഞ്ചാരികളും ഉത്തരേന്ത്യന്‍ സഞ്ചാരികളും ഒരുപോലെ എത്തുന്നുണ്ട്. സന്ദര്‍ശകരുടെ ഒഴുക്ക് കണക്കിലെടുത്ത് കൂടുതല്‍ പൊലിസിനെ നിയോഗിച്ചാല്‍ മാത്രമേ തിരക്ക് ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. മുന്‍പൊക്കെ തിരക്ക് ദിവസങ്ങളില്‍ ക്യാംപിലെ പൊലിസിനെ ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.
മാട്ടുപ്പെട്ടി, എക്കോപോയന്റ്, കുണ്ടള ഭാഗങ്ങളില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളുടെ കൈവരിയില്‍ കയറിയിരുന്ന് ഫോട്ടോയെടുക്കാന്‍ ചെറുപ്പക്കാരുടെ സംഘങ്ങള്‍ അമിതാവേശം കാട്ടിയത് ചിലപ്പോള്‍ തര്‍ക്കങ്ങളുണ്ടാക്കി. സുരക്ഷാ മുന്നറിയിപ്പ് നല്‍കാന്‍ നിയോഗിച്ചിരിക്കുന്ന പൊലിസുകാരും ഗൈഡുകളും ഇവരെ തടഞ്ഞിട്ടും ഫോട്ടോയെടുക്കല്‍ തുടര്‍ന്നതാണ് പലപ്പോഴും വാക്കേറ്റമുണ്ടാക്കിയത്. മദ്യപിച്ചെത്തുന്ന യുവാക്കളുടെ സംഘം സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് പ്രശ്‌നം സൃഷ്ടിക്കുകയാണ്. ചെങ്കുളം അണക്കെട്ടിലെ ബോട്ടിങ് ഏറെപ്പേരെ ആകര്‍ഷിക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ നിന്ന് വലിയ വാഹനങ്ങളിലെത്തുന്ന വിദ്യാര്‍ഥികളും ഏറെയുണ്ട്. മറയൂര്‍ ചന്ദനക്കാടുകളും മുനിയറകളും സന്ദര്‍ശിക്കാനും ഇത്തവണ വന്‍ തിരക്കാണ്. കാന്തല്ലൂരിലെ പഴത്തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും തിരക്കേറെയാണ്. മൂന്നാറിലെ തോട്ടം മേഖലകളില്‍ വിളയുന്ന കിഴങ്ങുകളും പഴവര്‍ഗങ്ങളും ഇഷ്ടപ്പെടുന്ന ഇവര്‍ ഇത് വാങ്ങി കൊണ്ടുപോകുന്നതിനും താല്‍പര്യം കാണിക്കുന്നു. വട്ടവടയിലെ ശീതകാല പച്ചക്കറി തോട്ടങ്ങളിലേക്കും വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളിലും വ്യാപാര മേഖല ഉണര്‍വിലായി. ടൗണിലും പരിസരങ്ങളിലുമുള്ള ഹോട്ടല്‍, വസ്ത്ര വ്യാപാര കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയിട്ടുള്ള മൂന്നാറില്‍ സീസണ്‍ മൂന്ന് രീതിയിലാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ വിദേശ ടൂറിസ്റ്റുകളാണ് എത്തുന്നതെങ്കില്‍ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ തദ്ദേശീയരും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വടക്കേന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുമാണ് കൂടുതലായെത്തുന്നത്. എന്നാല്‍ ഇത്തവണ എല്ലാ നാടുകളില്‍ നിന്നുള്ള ടൂറിസ്റ്റുകളും ഇവിടേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ക്ക് തികച്ചും അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോള്‍ മൂന്നാറില്‍. മണ്‍സൂണില്‍ നിന്നു ശൈത്യത്തിലേക്കുള്ള കാലാവസ്ഥാ മാറ്റമാണ് ഇപ്പോഴെന്നതിനാല്‍ വൈകുന്നേരം ആവുന്നതോടെ കുളിരിന്റെ പിടിയിലാവും. ഇപ്പോള്‍ ശരാശരി താപനില വൈകുന്നേരങ്ങളില്‍ ഏഴ് ഡിഗ്രി വരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."