വ്യാജവാറ്റ് സജീവം; അതിര്‍ത്തിയിലും തോട്ടം മേഖലയിലും പരിശോധന ശക്തം
കട്ടപ്പന: വ്യാജവാറ്റ് കേന്ദ്രങ്ങള്‍ സജീവമായെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എക്‌സൈസ് വിഭാഗം കേരള - തമിഴ്‌നാട് വനാതിര്‍ത്തിയില്‍ 24 മണിക്കൂര്‍ പരിശോധന ശക്തമാക്കി. തോട്ടം മേഖല കേന്ദ്രീകരിച്ചും റെയ്ഡുകള്‍ നടക്കുന്നുണ്ട്.
ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ ഉടുമ്പന്‍ചോല റെയ്ഞ്ചിനു കീഴില്‍ പരിശോധനകള്‍ ഊര്‍ജിതമാണ്. ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും സബ് ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലാണു വനാതിര്‍ത്തികളിലും തോട്ടം മേഖലകളിലും പരിശോധന.
കഴിഞ്ഞ ഒരു മാസത്തിനിടെ നെടുങ്കണ്ടം മേഖലയില്‍ നിന്നുമാത്രം രണ്ടര കിലോ കഞ്ചാവും എട്ടു ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ കോടയും പിടികൂടി. വിവിധ കേസുകളിലായി 12 പ്രതികളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. വനാതിര്‍ത്തിയോടു ചേര്‍ന്ന സ്ഥലത്താണു വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തിയത്.
വില്‍പന നടത്തുന്നതിനായി സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കൃഷി ചെയ്ത കഞ്ചാവു ചെടികളും എക്‌സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം തൂക്കുപാലം കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവും അഞ്ചു ലിറ്റര്‍ ചാരായവുമാണ് എക്‌സൈസ് പിടിച്ചെടുത്തു നശിപ്പിച്ചത്. രാത്രികാലത്തു തൂക്കുപാലം, നെടുങ്കണ്ടം കേന്ദ്രീകരിച്ചു കഞ്ചാവുവില്‍പന നടക്കുന്നതായി എക്‌സൈസിനു വ്യാപക പരാതികള്‍ ലഭിച്ചിരുന്നു. നെടുങ്കണ്ടത്തു നടത്തിയ പരിശോധനയില്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ കഞ്ചാവു കച്ചവടം നടത്തിയ തമിഴ്‌നാട് സ്വദേശിയെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
അനധികൃത വിദേശമദ്യ വ്യാപാര കേന്ദ്രങ്ങളും എക്‌സൈസിനു തലവേദന സൃഷ്ടിക്കുകയാണ്. തമിഴ്‌നാട് വനാതിര്‍ത്തിയോടു ചേര്‍ന്നു പുറമ്പോക്കില്‍ വ്യാപകമായി ചാരായം വാറ്റു നടക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണു വനാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധന ശക്തിപ്പെടുത്തിയത്. പുഷ്പകണ്ടം മുരുകന്‍പാറയ്ക്കു സമീപം സര്‍ക്കാര്‍ പുറമ്പോക്കില്‍ നടത്തിയിരുന്ന വാറ്റുകേന്ദ്രം ഒരാഴ്ച മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തകര്‍ത്തിരുന്നു.
നെടുങ്കണ്ടം, ഉടുമ്പന്‍ചോല, എഴുകുംവയല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു വന്‍തോതില്‍ അനധികൃത വിദേശ മദ്യവില്‍പനയെന്നു നാട്ടുകാര്‍ ആരോപണവുമായി രംഗത്തെത്തി.
ഈ മേഖലകളില്‍ എക്‌സൈസ് നിരീക്ഷണം ശക്തമാക്കി. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു മദ്യവില്‍പന നടത്തുന്ന സംഘങ്ങളെക്കുറിച്ചും എക്‌സൈസ് വിഭാഗത്തിനു വിവരങ്ങള്‍ ലഭിച്ചു. വരുംദിവസങ്ങളിലും എക്‌സൈസ് പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."