മിനി വാട്ടര്‍മിസ്റ്റ് ഫയര്‍ എന്‍ജിന്‍ മൂലമറ്റം, തൊടുപുഴ ഫയര്‍ സ്റ്റേഷനുകളില്‍
തൊടുപുഴ: അപകടസ്ഥലത്തു നിമിഷനേരംകൊണ്ട് എത്താന്‍ കഴിയുന്ന വാട്ടര്‍മിസ്റ്റ് ഫയര്‍ എന്‍ജിന്‍ മൂലമറ്റം, തൊടുപുഴ സ്റ്റേഷനുകളില്‍ എത്തി. വര്‍ഷങ്ങളായുള്ള കിതപ്പു മാറ്റി പുതിയ കുതിക്കുന്ന വാഹനങ്ങളാണ് ഇത്.
അപകടസ്ഥലത്തു ജി.പി.എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിവേഗത്തില്‍ എത്താനാകും. ചെറിയ ഇടവഴിയിലൂടെയും കുത്തുകയറ്റത്തിലൂടെയും പാഞ്ഞെത്താന്‍ കഴിവുള്ളതാണു മിനി വാട്ടര്‍മിസ്റ്റ് ഫയര്‍ എന്‍ജിന്‍. 400 ലീറ്റര്‍ വെള്ളവും 50 ലീറ്റര്‍ ഫോമും വാഹനത്തില്‍ സൂക്ഷിക്കും.20 - 25 മിനിറ്റ് വരെ ഇത് ഉപയോഗിച്ചു തീകെടുത്താനാകും. നേരെ പമ്പുചെയ്യുന്നതോടൊപ്പം സൈഡിലേക്കുള്ള ഗണ്ണുകളില്‍നിന്നു ചുറ്റും വെള്ളം വീശാനും ഇതിനു കഴിവുണ്ട്. സമീപത്തായി ചെറിയ ജാറുകളില്‍ എത്തിക്കുന്ന വെള്ളം അപ്പോള്‍ത്തന്നെ പമ്പുചെയ്തു തുടര്‍ച്ചയായി തീയണയ്ക്കാന്‍ കഴിയുന്ന വാഹനമാണിത്. അഞ്ചുരീതിയില്‍ ഇതിനു തീയണയ്ക്കാന്‍ സാധിക്കും.
ഓയിലുപോലെ ഒഴുകുന്ന വസ്തുക്കളില്‍ ഉണ്ടാകുന്ന തീയണയ്ക്കാന്‍ ഫോം ഉപയോഗിക്കാം. പ്രത്യേക രീതിയില്‍ വെള്ളം പമ്പുചെയ്യുന്നതിനാല്‍ ചെറിയതോതില്‍ വൈദ്യുതി പ്രവഹിക്കുന്ന യന്ത്രങ്ങളിലും ഇതുപയോഗിച്ചു തീയണയ്ക്കാനാകും.
ഇപ്പോഴുള്ള ഫയര്‍ എന്‍ജിനുകള്‍ ഓടുന്നതിനിടെ തീയണയ്ക്കാന്‍ സാധിക്കാത്തവയാണ്. എന്നാല്‍ ഈ വാഹനത്തില്‍ വെള്ളം പമ്പുചെയ്യാന്‍ മറ്റൊരു എന്‍ജിന്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നേരത്തേ തുടങ്ങാന്‍ കഴിയും. ജില്ലയില്‍ തൊടുപുഴ, മൂലമറ്റം, മൂന്നാര്‍, അടിമാലി എന്നീ കേന്ദ്രങ്ങളിലാണ് ആധുനിക രീതിയില്‍ തയാറാക്കിയ ഈ വാഹനം ലഭിച്ചിരിക്കുന്നത്. നെടുങ്കണ്ടത്തു മിനി വാട്ടര്‍ ടെന്‍ഡര്‍ എന്ന വലിയ വാഹനവും എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."