നെടുങ്കണ്ടം ബിഎഡ് കോളജ് കെട്ടിടം അപകടാവസ്ഥയില്‍
നെടുങ്കണ്ടം: സര്‍ക്കാര്‍ ഏറ്റെടുത്ത നെടുങ്കണ്ടം ബിഎഡ് കോളജിന്റെ കെട്ടിടം അപകടാവസ്ഥയിലായി. രണ്ട് ബാച്ചുകളിലായി 100 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്.
ഒന്‍പത് അധ്യാപകരും അനധ്യാപകരും കുട്ടികളും പേടിയോടെയാണ് ഇവിടെ കഴിയുന്നത്. എംജി സര്‍വകലാശാലയില്‍ നിന്ന് ഒരുമാസം മുന്‍പ് ബിഎഡ് കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സീപാസ് എന്ന ട്രസ്റ്റിന്റെ കീഴിലാണ് കോളജിന്റെ പ്രവര്‍ത്തനം. നെടുങ്കണ്ടത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ കോളജിനെ അധികൃതര്‍ അവഗണിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. മേല്‍ക്കൂര ദ്രവിച്ചു ഭിത്തികള്‍ വിണ്ടു പൊട്ടിയ അവസ്ഥയിലാണ് കോളജ്. സര്‍വകലാശാലയുടെ കീഴില്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ച് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ഈ വിദ്യാലയത്തിന് അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ലെന്നതാണ് ഏറെ വിചിത്രം.
ചിതലെടുത്ത മേല്‍ക്കൂര, വിണ്ടുപൊട്ടിയ ചുവരുകള്‍, പൊട്ടിപ്പൊളിഞ്ഞ വയറിങ്, മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഭിത്തികള്‍. ഇതിനു നടുവിലായി ഭയന്നു വിറച്ചു വിദ്യാര്‍ഥികളും.
മഴയത്തു വെള്ളം ഭിത്തിവഴി ഒലിച്ചിറങ്ങും. പൊട്ടിപ്പൊളിഞ്ഞ വയറിങ്ങാണ്. സ്വിച്ച് ബോര്‍ഡില്‍ പലപ്പോഴും ഷോക്ക് ഏല്‍ക്കാറുള്ളതായി വിദ്യാര്‍ഥികള്‍ പറയുന്നു. സയന്‍സ്, ഇംഗ്ലിഷ് എന്നീ രണ്ട് വിഷയങ്ങള്‍ക്ക് അധ്യാപകരില്ലാതായിട്ട് വര്‍ഷങ്ങളായി. മുടന്തി നീങ്ങുന്ന ഈ വിദ്യാലയത്തില്‍ നിന്ന് അധികൃതരുടെ അവഗണന മൂലം ഹിന്ദി, കൊമേഴ്‌സ് എന്നീ രണ്ട് കോഴ്‌സുകള്‍ നഷ്ടമായി. ഗെസ്റ്റ് അധ്യാപകരെക്കൊണ്ടാണ് വര്‍ഷങ്ങളായി അധ്യാപനം നടത്തുന്നത്. അധ്യാപക നിയമനം നടക്കുന്നില്ല.
ഇവിടേക്ക് വരുന്ന അധ്യാപകരാകട്ടെ മറ്റു ജില്ലക്കാരായതിനാല്‍ സ്ഥലം മാറ്റം വാങ്ങി പോകുകയാണ് പതിവ്. ഇപ്പോള്‍ രണ്ടു ഗെസ്റ്റ് അധ്യാപകരടക്കം ആകെയുള്ളത് ഒന്‍പത് അധ്യാപകരാണ്.
സ്വന്തമായി മൂന്നേക്കര്‍ സ്ഥലമുണ്ട്. 1992 ല്‍ നിര്‍മിച്ച കെട്ടിടമടക്കം മൂന്ന് ബ്ലോക്കുകളാണുള്ളത്. ആദ്യം നിര്‍മിച്ച പ്രധാന കെട്ടിടമാണ് ഇളകിയാടുന്നത്. ഓടിട്ട ഒറ്റനിര കെട്ടിടം അന്ന് കുട്ടികളുടെയും നാട്ടുകാരുടേയും സഹായത്താല്‍ നിര്‍മിച്ചതായിരുന്നു.
കംപ്യൂട്ടര്‍ ലാബ് പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങളായി. മൂന്നു ലാബുകള്‍ ഉണ്ടെങ്കിലും ഇവിടത്തെ കംപ്യൂട്ടറുകളെല്ലാം തകരാറിലാണ്. രണ്ടു വര്‍ഷം മുന്‍പ് ഈ വിദ്യാലയം ഒരു വര്‍ഷത്തോളം അടച്ചിട്ടിരുന്നു. അന്നാണ് ഉപകരണങ്ങളും കെട്ടിടവും ഏറെ നശിച്ചത്. കുഴല്‍ക്കിണര്‍ ഉണ്ടെങ്കിലും വളരെ പഴക്കം ചെന്നതിനാല്‍ വേനല്‍ക്കാലത്ത് വെള്ളം ലഭിക്കാറില്ല.
കെട്ടിടം പെയിന്റ് ചെയ്യണമെന്നും മഴവെള്ളസംഭരണി നിര്‍മിക്കണമെന്നും റോഡരികിലെങ്കിലും ചുറ്റുമതില്‍ നിര്‍മിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് പി.ടി.എയും കോളജ് അധികൃതരും ഒട്ടേറെ നിവേദനങ്ങള്‍ നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."