ടൂറിസം ജലമേളയില്‍ മാമ്മൂടന് കിരീടം
കോട്ടയം: വാശിയേറിയ മല്‍സരത്തില്‍ കവണാറ്റിന്‍കര ടൂറിസം ജലമേളയിലെ ഇരുട്ടുകുത്തി ഗ്രേഡ് ഒന്ന് വിഭാഗത്തിലെ തുരുത്തിത്തറയെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ തോല്‍പിച്ച മാമ്മൂടന് കിരീടം.
ജോബി ജോസഫ് കരികണ്ണന്‍തറ ക്യാപ്റ്റനായി കുമരകം മൂലഞ്ചേരി ബോട്ട് ക്ലബ്ബാണ് മാമ്മൂടന്‍ വള്ളം തുഴഞ്ഞത്. കവണാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളി പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയിലെത്തിച്ചായിരുന്നു അട്ടിമറി വിജയം. വള്ളംകളിക്ക് മുന്നോടിയായി വിരുപ്പുകാല ശ്രീശക്തീശ്വര ക്ഷേത്രക്കടവില്‍നിന്ന് ആരംഭിച്ച ജലഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങളും നാടന്‍ കലകളും നയനാന്ദകരമായി.
ക്ലബ് പ്രസിഡന്റ് പി.കെ ബൈജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മല്‍സര വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു.
സ്‌കറിയ തോമസ്, ജയേഷ് മോഹനന്‍, എ.പി സലിമോന്‍, എ.കെ ആലിച്ചന്‍, കവിത ലാലു, മിനി ബിജു, അഡ്വ. വി.ബി ബിനു, എ.പി ഗോപി, സി.കെ വിശ്വന്‍ സംസാരിച്ചു. സമാപനസമ്മേളനത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ജേക്കബ് ജോബ് വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ഒരാള്‍ തുഴയുന്ന വള്ളം വിഭാഗത്തില്‍ സാബു ആറ്റുചിറ വിജയിയായി.
വെപ്പ് ഗ്രേഡ് രണ്ടില്‍ മൂന്നുതൈക്കല്‍, ചുരുളന്‍ ഡ്രേഡ് രണ്ടില്‍ സായി, ഇരുട്ടുകുത്തി ഗ്രേഡ് രണ്ടില്‍ ജലറാണി, ചുരുളന്‍ ഗ്രേഡ് ഒന്നില്‍ കോടിമത, വെപ്പ് ഗ്രേഡ് ഒന്നില്‍ ആശപുളിക്കക്കളം എന്നീ വള്ളങ്ങളും വിജയികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."