പണമില്ല: ഭര്‍ത്താവിന്റെ മൃതദേഹത്തിന് ഒഡിഷ സ്വദേശിനി കാവലിരുന്നത് അഞ്ചുദിവസം
കൊച്ചി: പണമില്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ ഒഡിഷ സ്വദേശിനിയും രണ്ടുവയസുകാരിയായ മകളും മൃതദേഹത്തിന് കാവലിരുന്നത് അഞ്ചുദിവസം.
പതിനെട്ടുകാരിയായ ഭാര്യ ജീവന്‍ദിയും മകള്‍ സഞ്ജനയുമാണ് സര്‍ക്കാര്‍ കനിവിനായി ഇത്രയും ദിവസം കാത്തിരുന്നത്. കഴിഞ്ഞ ഒന്നാം തിയതിയാണ് ഒഡിഷയിലെ കന്ദമാല്‍ സ്വദേശിയായ സഞ്ജയ് പ്രധാന്‍ മലേറിയ ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
സഞ്ജയ് തൊഴിലന്വേഷിച്ച് കേരളത്തിലെത്തിയത് ഒരുമാസം മുന്‍പാണ്. വന്നതിന് പിറ്റേദിവസംതന്നെ തലകറക്കവും പനിയും അനുഭവപ്പെട്ട ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. ഭര്‍ത്താവ് പനിബാധിച്ച് ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ് ഒഡിഷയില്‍ നിന്ന് ജീവന്‍ദിയും കുഞ്ഞും കേരളത്തിലെത്തുകയായിരുന്നു. എന്നാല്‍, ട്രെയിനില്‍ എറണാകുളത്തെത്തിയ ജീവന്‍ദി കാണുന്നത് തന്റെ പ്രിയപ്പെട്ടവന്റെ മൃതദേഹമാണ്. സഞ്ജയുടെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ജീവന്‍ദി മുക്തയായിട്ടില്ലെങ്കിലും തന്റെ പ്രിയതമന്റെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ കനിയുമെന്ന ചിന്തയില്‍ ഇവര്‍ ഓരോ ദിവസവും തള്ളിനീക്കുകയായിരുന്നു.
ജീവന്‍ദിയും കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സഞ്ജയ്. സഞ്ജയുടെ മരണത്തോടെ കുടുംബം അനാഥമായി. കുടുംബത്തിന്റെ ദാരിദ്ര്യവും ഗ്രാമത്തിലെ തൊഴിലില്ലായ്മയുമാണ് സഞ്ജയെ കേരളത്തിലേക്ക് തൊഴില്‍ തേടിയെത്താന്‍ പ്രേരിപ്പിച്ചത്. മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചതിനെ തുടര്‍ന്ന് അനാഥനായ സഞ്ജയെ വളര്‍ത്തിയത് ബന്ധുക്കളാണ്.
ജീവന്‍ദിയുടെയും സഞ്ജയുടെയും പ്രണയവിവാഹമായിരുന്നു. മാതാപിതാക്കള്‍ ചെറുപ്പത്തിലെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തില്‍ അരക്ഷിതത്വം അനുഭവിച്ചിരുന്ന സഞ്ജയ്ക്ക് താനുമായുള്ള വിവാഹവും കുഞ്ഞിന്റെ ജനനവും വളരെ സന്തോഷകരമായിരുന്നുവെന്ന് ജീവന്‍ദി പറഞ്ഞു.
തന്നെയും കുഞ്ഞിനെയും ഗ്രാമത്തില്‍ തനിച്ചാക്കി കേരളത്തിലേക്ക് ജോലി അന്വേഷിച്ച് വരാന്‍ സഞ്ജയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുണ്ടായതിനാലാണ് സഞ്ജയ് കേരളത്തിലെത്തിയത്.
'ഇനി ഞാനെങ്ങനെ ജീവിക്കുമെന്നും കുഞ്ഞിനെ വളര്‍ത്തുമെന്നും നിശ്ചയമില്ല'- ജീവന്‍ദി വിതുമ്പലോടെ പറഞ്ഞു. ഞങ്ങളുടെ ഗ്രാമത്തില്‍ വളരെ ചെറുപ്പത്തിലേ വിവാഹം കഴിക്കും.
എനിക്ക് 15 വയസുള്ളപ്പോഴാണ് സഞ്ജയ് എന്നെ വിവാഹം കഴിച്ചതെന്നും ജീവന്‍ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."