നോട്ട് റദ്ദാക്കല്‍ സ്തുതിഗീതത്തിനു പിന്നില്‍
മണ്ടത്തരമാണെന്ന് പണ്ടു പറഞ്ഞവരെയാകെ മണ്ടന്മാരാക്കിക്കൊണ്ടാണ് രണ്ടാമതും ടിവിയില്‍ വന്ന് പണ്ടു പറഞ്ഞ മൂന്നിനത്തിനൊപ്പം വീണ്ടുമൊരു നാലാം കാര്യം മോദി പ്രഖ്യാപിച്ചത്. കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം ഇവ മൂന്നിന്റെയും കുറ്റിയും പൊരിച്ച് നാട് നന്നാക്കുമെന്നായിരുന്നല്ലോ പ്രഖ്യാപനം. പിന്നെയാണ് സ്വീഡനാവലാണ് കാര്യം എന്ന കാര്യം വെളിപ്പെടുത്തിയത്. സ്വീഡനെപ്പോലെ നമുക്കും ഒരു കറന്‍സി രഹിത സമൂഹമാവണ്ടേ എന്നായി ചോദ്യം. ആദ്യം പറഞ്ഞ മൂന്നും നടക്കാത്തതു കൊണ്ട് ഒരു പുതിയ നാലാം വിഷയം അവതരിപ്പിക്കുന്നതിനെപ്പറ്റിയായി ചര്‍ച്ച . ഇവിടെയാണ് മണ്ടത്തരം പറ്റിയത് പ്രധാനമന്ത്രിക്കല്ല എന്ന് കൃത്യമായും ബോധ്യപ്പെടേണ്ടത്. യഥാര്‍ഥത്തില്‍ മാജിക്കുകാരന്‍ കാണികളുടെ ശ്രദ്ധ മാറ്റാന്‍ സ്റ്റേജില്‍ കാട്ടുന്ന വിദ്യ മാത്രമായിരുന്നു ആദ്യത്തെ മൂന്നിന പ്രഖ്യാപനം. നാലാമത്തേതു തന്നെയാണ് യഥാര്‍ഥ കാര്യം. കള്ളനോട്ടല്ല, കള്ളപ്പണമല്ല, തീവ്രവാദമല്ല; സ്വീഡനെപ്പോലെ കാഷ് ലെസ്സാവലാണ് കാര്യം.
പിന്നെ എന്തുകൊണ്ട് അങ്ങനെയൊരു മൂന്നിനം എന്നറിയണമെങ്കില്‍ നവംബറിലെ നാട്ടിലെ പൊതു സ്ഥിതി അറിയണം. സപ്തംബര്‍ ഒക്ടോബര്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ റേറ്റിങ് താണു താണു വീണു കൊണ്ടിരിക്കുകയായിരുന്നല്ലൊ. പട്ടേല്‍മാര്‍ ഒരു വശത്ത്, ആദിവാസികള്‍ നാടാകെയും പ്രക്ഷോഭത്തില്‍, സര്‍വകലാശാലകളില്‍ ആളിപ്പടരുന്ന അസ്വസ്ഥത, കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭം, സപ്തംബര്‍ 2ന് രാജ്യവ്യാപകമായ പണിമുടക്ക്. നിത്യജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയ പരാജയമായി മാറിയ സര്‍ക്കാരിനെതിരെ അതിശക്തമായ രോഷപ്രകടനങ്ങളാണുണ്ടായത്. ഒറ്റയടിക്ക് ഇതിനെ മറികടക്കാന്‍, അതും ഒറ്റ രാത്രി കൊണ്ട് അതിനെയാകെ നിഷ്പ്രഭമാക്കാന്‍ നോട്ടു റദ്ദാക്കലിനെപ്പോലെ മറ്റെന്തുണ്ട് കിട്ടാന്‍? തക്കം നോക്കി നടപ്പാക്കിയതോടെ, മറ്റെല്ലാ വിഷയവും മാറ്റി വച്ച് ഒരു വിഷയത്തില്‍ നാട്ടാരെയാകെ കോര്‍ത്തുകെട്ടാനായി. അതായിരുന്നു നോട്ട് റദ്ദാക്കല്‍ മോഡിക്കുണ്ടാക്കിയ നേട്ടം.
50 ദിവസത്തിനകം നാടാകെ നന്നായില്ലെങ്കില്‍ തന്നെ പച്ചക്ക് കത്തിച്ചു കൊള്ളൂ എന്നു പറയാന്‍ അങ്ങനെ കത്തിച്ചു ശീലമില്ലാത്ത ഒരാള്‍ക്ക് കഴിയുമോ? അത് മറ്റൊരു വേല.
പക്ഷേ, മോദി പറയുന്നതിന് മുമ്പ് ഇന്ത്യ ഡിജിറ്റല്‍ ആവണമെന്ന് കൃത്യമായും പ്രവചിച്ച വിസ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒക്ടോബറില്‍ തന്നെ പുറത്തുവന്നത് യാദൃശ്ചികമായിരുന്നോ? മോഡിയും സംഘ്പരിവാറും പിന്നീടുള്ള പ്രചാരണങ്ങള്‍ക്ക് ഈയൊരു റിപ്പോര്‍ട്ടിലെ നിഗമനങ്ങളെയാണല്ലോ ആശ്രയിച്ചത്. അതിനെയും യാദൃശ്ചികമെന്നു കരുതി മാപ്പാക്കാം. പക്ഷേ ഇന്ത്യാ ഗവണ്‍മെന്റ് നോട്ടച്ചടിക്ക് ചെലവാക്കുന്നത് ഭീമന്‍ സംഖ്യയാണെന്നും അതിത്തിരി കുറച്ചാല്‍ കിട്ടുന്ന ലാഭം 4 ലക്ഷം കോടിയാണെന്നും പറഞ്ഞ ആ റിപ്പോര്‍ട്ട് , നോട്ടച്ചടി കുറച്ചാല്‍ തങ്ങള്‍ക്കെന്ത് മെച്ചമാണുണ്ടാവുക എന്ന് അന്ന് പറഞ്ഞിരുന്നില്ല.
പക്ഷേ, അത് കണക്കു കൂട്ടിയെടുക്കാന്‍ പറ്റിയ ഒരു വാര്‍ത്ത ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ അമേരിക്കയില്‍ നിന്നു വന്നു. ലളിതമാണ് കാര്യം. ചായപ്പീടികക്കാരോടാണ് ( മുന്‍ ചായക്കടക്കാരോടല്ല ) വിസ ഒരഭ്യര്‍ഥന നടത്തിയത്. മറ്റൊന്നുമല്ല. അവര്‍ കാഷ് ലെസ് ആവണം. ന്ന് ച്ചാ കാശ് കൈയോണ്ട് വാങ്ങരുത്. കാര്‍ഡ് മട്ടും എന്നു പറയണം. വെറുതെ പറയേണ്ട. പറച്ചിലിന് കാശുണ്ട്. മുഴുവനായും കാഷ് ലെസ്സായാല്‍ ഒരു പീടികക്ക് 10,000 ഡോളര്‍ കൊടുക്കും. മലയാളത്തിലാക്കിയാല്‍ ഏതാണ്ട് ആറര ലക്ഷം രൂപ.
ഒരു ചായക്കട കാഷ് ലെസ് ആക്കാന്‍ ആറരലക്ഷം കൊടുക്കാന്‍ അങ്ങനെയൊരു കമ്പനിക്കാവുമെങ്കില്‍, ഒരു നാട് തന്നെ കാഷ് ലെസ്സാക്കിക്കിട്ടാന്‍ അവര്‍ എത്രകാശ് ചെലവാക്കാന്‍ തയാറാവും?
അത്രയും വലിയൊരു സാധ്യതക്ക് നടുക്ക് 125 പേരുടെ മരണം അത്രക്ക് പെരുപ്പിച്ച് കാട്ടേണ്ടതുണ്ടോ എന്നാണ് അതിലുമെത്രയോ മടങ്ങ് മരണങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദികളായവര്‍ ചോദിക്കുന്നത്. പലരും അവരുടെ തെറ്റുകള്‍ കാണുന്നില്ല എന്നു മാത്രം. അത്തരക്കാരാണ് നോട്ട് റദ്ദാക്കലിന് സ്തുതിഗീതം പാടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."