ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന്
എടച്ചേരി: ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ കൊച്ചി-മംഗലാപുരം വാതക ലൈനുമായി ബന്ധപ്പെട്ട ഗെയില്‍ പദ്ധതി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച കര്‍മസമിതി ആരോപിച്ചു.
പൈപ്പ് കടന്നു പോകുന്ന സ്ഥലങ്ങളില്‍ 15 മീറ്റര്‍ അകലത്തില്‍ യാതൊരു തരത്തിലുള്ള കെട്ടിടവും പാടില്ലെന്നാണ് നിയമം. എന്നാല്‍ പലയിടങ്ങളിലും ഇത് പാലിച്ചിട്ടില്ല.
സുരക്ഷാ മാനദണ്ഡ പ്രകാരം കേരളം ലൊക്കേഷന്‍ നമ്പര്‍ നാലില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്നുമാണ് നിയമം. വാതകചോര്‍ച്ചയുണ്ടാകുമ്പോള്‍ നിര്‍വീര്യമാക്കുന്നതിന് ഓരോ 8 കിലോമീറ്ററിനും ഇടയില്‍ വാള്‍വ് സ്റ്റേഷനുകളും സ്ഥാപിക്കണം. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതെന്ന് നാദാപുരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗെയില്‍വിരുദ്ധ കര്‍മസമിതി ആരോപിച്ചു.
ലൊക്കേഷന്‍ നമ്പര്‍ നാലില്‍ ഉള്‍പ്പെടുത്തേണ്ട പ്രദേശങ്ങള്‍ ലൊക്കേഷന്‍ നമ്പര്‍ രണ്ടിലും മൂന്നിലും ഉള്‍പ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കി കൊടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടുനില്‍ക്കുകയാണ്.
ലൊക്കേഷന്‍ നിര്‍ണയിക്കുമ്പോള്‍ ജനസാന്ദ്രത, കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ലൊക്കേഷന്‍ നമ്പര്‍ രണ്ടിലും മൂന്നിലും ഉള്‍പ്പെടുത്തി 94 വാള്‍വ് സ്റ്റേഷന്‍ ആവശ്യമായ സ്ഥലങ്ങളില്‍ 24 സ്റ്റേഷനുകളായി പരിമിതപ്പെടുത്തി. മൂന്ന് മീറ്റര്‍ ആഴത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതിന് പകരം ഒന്നര മീറ്ററിലാണ് ലൈനിടുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ജനങ്ങളുടെ ജീവന് വില കല്‍പിക്കാതെ സാമ്പത്തി ക ലാഭം മാത്രമാണ് ഗെയില്‍ ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ജനപക്ഷ ചിന്താഗതിക്കാരായ എം.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടണമെന്നും കര്‍മ സമിതി ഭാരവാഹികളായ സി. ആലിക്കുട്ടി, പി. മുനീര്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."