നോട്ട് നിരോധനം: നഷ്ടപരിഹാരം തേടി പ്രിന്റിങ് പ്രസുകള്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് നഷ്ടപരിഹാരം തേടി നോട്ട് അച്ചടിക്കുന്ന പ്രസ്സുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഒറ്റയടിക്ക് 1000, 500 നോട്ടുകള്‍ അസാധുവാക്കിയക്ക് കനത്ത നഷ്ടത്തിനിടയാക്കിയെന്നാണ് പ്രസുകള്‍ പറയുന്നത്. നിരോധനം 577 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. അച്ചടിച്ച നോട്ടുകള്‍, അച്ചടി ചിലവുകള്‍, മഷി, ഉപയോഗശൂന്യമായ കടലാസുകള്‍ എന്നിവയുള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന കണക്ക് റിസര്‍വ് ബാങ്ക് പുറത്തുവിട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ട്.
ഉയര്‍ന്ന നിലവാരത്തിലുള്ള ഇറക്കുമതി ചെയ്ത പേപ്പറുകളാണ് 500, 1000 രൂപ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട 577 കോടി രൂപയുടെ സിംഹഭാഗവും പേപ്പറിനായി ഉപയോഗിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നാല് സ്ഥലങ്ങളിലാണ് നോട്ട് അച്ചടിക്കുന്ന പ്രസുകള്‍ പ്രവര്‍ത്തിക്കുന്നത്. അടിയന്തരമായി നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് അച്ചടിച്ച് സൂക്ഷിച്ച നോട്ടുകള്‍ ഉപയോഗ ശൂന്യമാകുകയായിരുന്നു.
നോട്ട് അസാധുവാക്കല്‍ നടപടി സമ്പൂര്‍ണ പരാജയമാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാദത്തിന് ആക്കം കൂടുന്നതാണ് പ്രിന്റിങ് പ്രസുകളുടെ നടപടി. ഇത് കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കള്ളപ്പണം തടയുന്നതിനുള്ള നീക്കമാണെന്നാണ് നോട്ട് നിരോധനത്തിന് സര്‍ക്കാര്‍ ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍, അസാധുവാക്കിയതില്‍ 99 ശതമാനം നോട്ടും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയതോടെ കറന്‍സി രഹിത സമ്പത്ത് ഘടനയാണ് ലക്ഷ്യമെന്നായി വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."