സീതാര്‍കുണ്ടില്‍ പുള്ളിപ്പുലി ഇറങ്ങി: ഭീതിയോടെ നാട്ടുകാര്‍
പാലക്കാട്: തെന്മലയോരത്തെ സീതാര്‍കുണ്ടില്‍ പുള്ളിപ്പുലി പ്രദേശത്തുകാരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ പുലി പത്തോളം ആടുകളെ പിടിച്ചു തിന്നു കഴിഞ്ഞു.
സീതാര്‍കുണ്ട് തടിക്കാട് കളത്തില്‍ ഹക്കീം, സിദ്ദിഖ്, ഹരി എന്നിവരുടെ ആടുകളെയാണ് പിടിച്ചത്.
എല്ലാം പ്രായമായ ആടുകളാണ്. ഇതില്‍ ഒരു മാസം മുന്‍പ് ഹക്കീമിന്റെ രണ്ട് ആടുകളെ മേയുന്നതിനിടയില്‍ പിടിച്ചു കൊണ്ടുപോവുകയായിരുന്നു.
ഒരു തവണ ആടിനെ ഓടിക്കുന്നതിനിടയില്‍ പുലിയെ നേരിട്ട് കണ്ട ഹക്കീം ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ പുലി നേരിട്ട് പാഞ്ഞു വന്നതിനാല്‍ ഹകീം ഓടി രക്ഷപെടുകയാണുണ്ടായതത്രെ.
രാത്രി സമയത്ത് കൂടുകളില്‍ അടച്ചിട്ട ആടുകളെ പുലി അകത്തു കയറി കടിച്ചു കൊന്നതിനു ശേഷം എടുത്തുകൊണ്ട് പോവുകയായിരുന്നു.
പകല്‍ സമയത്ത് ആടുകളെ തീറ്റാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. വന്യമൃഗങ്ങള്‍ വിഹരിക്കുന്നതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് സിദ്ദിഖ് പറയുന്നു ആനകളുടെ ശല്യവുമുണ്ട്.
സിദ്ദിഖിന്റെ വീടിനു തൊട്ടുള്ള തെങ്ങിന്‍ തോട്ടത്തിലെത്തിയ കാട്ടാന പത്തോളം തെങ്ങുകള്‍ കുത്തിമറിച്ചിടുകയും ചെയ്തിട്ടുണ്ട്.
ആടുകളെ പുലി പിടിച്ചു കൊന്നതിന് യഥാര്‍ഥ നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് തയ്യാറാവുന്നില്ലെന്ന പരാതിയുമുണ്ട്.
രണ്ട് ആടുകളെ പുലി കൊന്നതിന് വനംവകുപ്പ് നഷ്ട്ട പരിഹാരമായി അനുവദിച്ചത് 4950 രൂപയാണ്. ഒരു ആടിനു മാത്രം പതിനായിരത്തിലധികം വിലമതിക്കും.
വെറ്ററിനറി ഡോക്ടര്‍ 18000 രൂപയാണ് വിലയിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഈ തുക പോലും നല്‍കാന്‍ നെമ്മാറ ഡി.എഫ്.ഒ തയാറായിട്ടില്ല. വനം വകുപ്പ് നല്‍കുന്ന തുച്ഛമായ സംഖ്യ വാങ്ങാന്‍ ഈ കര്‍ഷകന്‍ തയാറായിട്ടില്ല.
കഴിഞ്ഞ ദിവസവും രാത്രി പുലിയിറങ്ങി കൂട്ടില്‍ കെട്ടിയിട്ട ആടുകളെ പിടിക്കാന്‍ എത്തിയെങ്കിലും വീട്ടുകാര്‍ നിലവിളിച്ചു ശബ്ദമുണ്ടാക്കിയതിനാല്‍ പുലി ഓടിപ്പോവുകയാണുണ്ടായത്. സീതാര്‍കുണ്ട് വെള്ള ചാട്ടത്തിനു സമീപത്താണ് ഇപ്പോള്‍ പുലി ഭീക്ഷണിയുള്ളത്.
ഇവിടെ ധാരാളം പേര്‍ വെള്ളച്ചാട്ടം കാണാന്‍ എത്താറുണ്ട്. പുലിശല്യം ഉള്ളതിനാല്‍ ഭയത്തോടെയാണ് സഞ്ചാരികള്‍ ഇവിടെയെത്തുന്നത്.
ശല്യക്കാരനായ പുലിയെ പിടിച്ചു കൊണ്ടുപോകാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെയെയും കര്‍ഷകരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."