കരുമത്ര എട്ട് നോമ്പ് തിരുനാള്‍ നാളെ
വടക്കാഞ്ചേരി : തൃശൂര്‍ അതിരൂപതയിലെ വേളാങ്കണ്ണി എന്ന പേരില്‍ സുപ്രസിദ്ധമായ കരുമത്ര ആരോഗ്യ മാതാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും സംയുക്തമായി എട്ട്നോമ്പ് തിരുനാളായി നാളെ ആഘോഷിയ്ക്കുമെന്ന് പള്ളി വികാരി ഫാ: ജോബി പുത്തൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി മച്ചാട് താണിക്കുടം റോഡില്‍ പള്ളിയ്ക്ക് മുന്നില്‍ പണി തീര്‍ത്ത കാഴ്ച്ച പന്തലിന്റേയും പള്ളി ദീപാലംകൃതമാക്കിയതിന്റേയും സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ലിജോ ചുങ്കത്ത് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഇന്ന് കാലത്ത് 7.30 ന് നടക്കുന്ന ദിവ്യബലിയ്ക്ക് ശേഷം യൂണിറ്റുകളിലേയ്ക്ക് അമ്പ് കിരീടം എഴുന്നള്ളിപ്പ് നടക്കും. 3.30നാണ് പ്രസുദേന്തി വാഴ്ച്ച ഊട്ട് വെഞ്ചിരിപ്പും കുട്ടികള്‍ക്ക് ചോറൂണും നടക്കും. വൈകീട്ട് അഞ്ചിന് അതിരൂപത മെത്രോ പൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിലിന്റെ നേതൃത്വത്തില്‍ ദിവ്യ ബലി ഉണ്ടാകും.
തിരുനാള്‍ ദിനമായ എട്ടിന് കാലത്ത് 7, 9.30, 10.30, വൈകീട്ട് 3.30 സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനകള്‍ നടക്കും. 10.30 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ.നിക്സണ് കാര്‍മികത്വം വഹിയ്ക്കും. ഫാ. ചാക്കോ ചിറമ്മല്‍ സഹ കാര്‍മികനാകും. ഒല്ലൂര്‍ പള്ളി വികാരി ഫാ. ജോണ്‍ അയ്യങ്കാനയില് ജീവകാരുണ്യ സഹായ വിതരണം നിര്‍വ്വഹിയ്ക്കും. ഉച്ചതിരിഞ്ഞ് 3.30 ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ: ബിജു പാണേങ്ങാടന് കാര്‍മികനാകും. ജപമാല പ്രദക്ഷിണം, ജന്മദിന കേക്ക് മുറിയ്ക്കല്‍ എന്നിവയും, തിരുമുറ്റ മേളവും ഉണ്ടാകും . മച്ചാട് രഞ്ജിത്തും സംഘവും നേതൃത്വം നല്‍കും. വടക്കാഞ്ചേരി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പള്ളി കൈക്കാരന്മാരായ രാജു അറയ്ക്കല്‍, ഷൈജു പനയ്ക്കല്‍, ലിജോ ചുങ്കത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."