ഗൗരി ലങ്കേഷ് വധം: മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ തലസ്ഥാനത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
കേസരി സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയേറ്റ് ചുറ്റി പ്രസ് ക്ലബ്ബില്‍ സമാപിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രസ് ക്ലബ്ബിനു മുന്നില്‍ ഗൗരി ലങ്കേഷിന്റെ ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
ഭരണകൂടവും മതവര്‍ഗീയതയും കൈകകോര്‍ക്കുകയും സമൂഹത്തെ തന്നെ ആയുധമെടുക്കാനും എല്ലാ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കൊന്നുകളയാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന അസാധാരണ ചിത്രമാണ് കാണാനാകുന്നതെന്ന് പ്രതിഷേധ യോഗത്തില്‍ സംസാരിച്ച എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു.
വലതു ഹൈന്ദവ ശക്തികള്‍ക്കെതിരേ കടുത്ത നിലപാടാണ് ഗൗരി ലങ്കേഷ് കൈക്കൊണ്ടതെന്നും ഇത്തരം ആക്രമണങ്ങളില്‍ അലസസമീപനങ്ങള്‍ മാറ്റിവച്ച് ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകാന്‍ തയാറാകണമെന്നും സി. ഗൗരീദാസന്‍ നായര്‍ പറഞ്ഞു. എസ്.ആര്‍ ശക്തിധരന്‍, സി. റഹീം, ജി. രാജീവ്, സുരേഷ് വെള്ളിമംഗലം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."