ഒരേ ഇലകളില്‍ സദ്യ കഴിച്ച് ഓണമാഘോഷിച്ച് മിണ്ടാപ്രാണികള്‍
2009 ല്‍ ഏറ്റവും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയപ്പോള്‍ എല്ലാ സഹായവും അന്നത്തെ മൃഗസംരക്ഷണ ഡയറക്ടര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. എന്നാല്‍ എല്ലാം വാഗ്ദാനം മാത്രമായി
കൊല്ലം: മനുഷ്യനെപ്പോലെ തന്നെ മിണ്ടാപ്രാണികള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് വാദിക്കുന്ന ബാപ്പുട്ടി ഇക്കുറിയും തന്റെ പൊന്നോമനകളായ പൂച്ചകള്‍ക്കും നായകള്‍ക്കും ഒരേ ഇലകളില്‍ ഒരുമിച്ച് സദ്യ വിളമ്പി തിരുവോണം ആഘോഷിച്ചു.
ഇത് കാഴ്ചക്കാര്‍ക്ക് കൗതുകമായി. സ്വന്തമായി ഒരുതുണ്ട് ഭൂമി പോലും ഇല്ലാത്ത ബാപ്പുട്ടിക്കും ജന്തുകള്‍ക്കും അഭയം നല്‍കിയിരിക്കുന്ന കിളികൊല്ലൂരിലെ അഡ്വ. ജോര്‍ജ്ജ് ഉമ്മന്റെ വീട്ടിലാണ് ഇത്തവണയും സദ്യ വിളമ്പിയത്.
ചിക്കന്‍കറി ഉള്‍പ്പെടെ ഒന്‍പത് തരം കറികളും, രണ്ടു തരം പായസവും ഉള്‍പ്പെട്ടതായിരുന്നു സദ്യ വട്ടം.നാണു, നാണി, അമ്മിണി, കല്യാണി, തുടങ്ങി പത്തു നായ്ക്കളും, അംഗരക്ഷകന്‍ ഐഷ, രാജമാണിക്യം, അഞ്ജലി, ആമിന, മാളു, റോസി, സൂസി കൂടാതെ ബാപ്പുട്ടി തമിഴ്‌നാട്ടില്‍ നിന്നും ടാക്‌സിയുമായി പോയപ്പോള്‍ വഴിയില്‍ നിന്നും ലഭിച്ച പൂച്ചകളായ കണ്ണമ്മ, വടിവേലു തുടങ്ങി 30 പൂച്ചകളും, ഇരുപത് വര്‍ഷക്കാലമായി ബാപ്പുട്ടിയുടെ തലയ്ക്കുംപാട്ട് കാവലിരിക്കുന്ന ജിബിലി എന്ന പരുന്ത് ഉള്‍പ്പെടെ നാല് പരുന്തുകളും സദ്യയില്‍ പങ്കെടുത്തു.
വീട്ടുമുറ്റത്തെ സദ്യയ്ക്കുശേഷം ബാപ്പുട്ടി പതിവായി ഭക്ഷണം കൊടുക്കുന്ന തെരുവ് നായ്കള്‍ക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സദ്യ വിളമ്പി.
ടാക്‌സി ഡ്രൈവറായ ബാപ്പുട്ടി തന്റെ വിവാഹ ജീവിതവും മറ്റെല്ലാം സുഖസൗകര്യങ്ങളും വെടിഞ്ഞ് ഈ മിണ്ടാപ്രാണികള്‍ക്കായി ജീവിതം തുടങ്ങിയിട്ട് മുപ്പത് വര്‍ഷം കഴിഞ്ഞു.
2009 ല്‍ ഏറ്റവും മികച്ച ജന്തുക്ഷേമ പ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയപ്പോള്‍ എല്ലാ സഹായവും അന്നത്തെ മൃഗസംരക്ഷണ ഡയറക്ടര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. എന്നാല്‍ എല്ലാം വാഗ്ദാനം മാത്രമായി.
സ്വന്തമായി ടാക്‌സി കാര്‍ ഉണ്ടായിരുന്ന ബാപ്പുട്ടി ജന്തുക്കള്‍ക്കുവേണ്ടി വില്‍ക്കേണ്ടി വന്നു.
ഇപ്പോള്‍ കൂലി ഡ്രൈവറായി പോകുന്നു. വല്ലപ്പോഴും ആരെങ്കിലും വിളിച്ചാല്‍ കിട്ടുന്ന ഓട്ടത്തിന്റെ വരുമാനം മാത്രമാണ് ഏക ആശ്രയം. ഫോണ്‍: 9995540414.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."