മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടിയ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
പയ്യന്നൂര്‍: കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റിവ് സെസൈറ്റിയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 3.38 കോടി തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍.
കേസിലെ രണ്ടാം പ്രതിയും മുഖ്യ സൂത്രധാരനുമായ കരിവെള്ളൂര്‍ പ്രദീപ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ തൃക്കരിപ്പൂര്‍ തെക്കേ മാണിയാട്ട് സ്വദേശി കെ. പ്രശാന്തിനെ(32) യാണ് ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ പയ്യന്നൂര്‍ ടൗണില്‍ നിന്ന് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്.
2017 ഓഗസ്റ്റ് 11ന് തളിപ്പറമ്പ് സഹകരണ ഇന്‍സ്‌പെക്ടര്‍ ഷൈനിയുടെ നേതൃത്വത്തില്‍ സൊസൈറ്റിയില്‍ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. സൊസൈറ്റിയില്‍ 150 പേരാണ് സ്വര്‍ണം പണയം വച്ച് തുക കൈപ്പറ്റിയിട്ടുള്ളത്.
അതില്‍ 92 പേരുടെയും പേരില്‍ പണയം വച്ചത് മുക്കുപണ്ടമാണെന്ന് കണ്ടെത്തി. അതിനിടെ ഇവിടെ പണയം വച്ച 35 പവനോളം ജില്ലാ ബാങ്കിന്റെ കരിവെള്ളൂര്‍ ശാഖയില്‍ വീണ്ടും പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. കേസിലെ ഒന്നാം പ്രതിയും സൊസൈറ്റി സെക്രട്ടറിയും അപ്രൈസറുമായ കെ.വി പ്രദീപനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുക്കുപണ്ടം പണയപ്പെടുത്തി സൊസൈറ്റിയില്‍ നിന്ന് കോടികള്‍ തട്ടിയ സംഘം തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ വിദേശ മലയാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു.
വിദേശത്ത് ആരംഭിക്കാനിരിക്കുന്ന വ്യവസായത്തില്‍ പങ്കാളിയാകാനാണ് പണം നിക്ഷേപിച്ചതെന്നാണ് ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ സംഘത്തോട് പ്രശാന്ത് പറഞ്ഞത്. ഒളിവില്‍ കഴിയുന്ന പ്രശാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പൊലിസ് പിടിയിലാകുന്നത്. എ.എസ്.ഐമാരായ എന്‍.കെ ഗിരീഷ്, രാജേഷ് അരവഞ്ചാല്‍, സീനിയര്‍ പൊലിസ് ഓഫിസര്‍ ടി.പി രാഘവന്‍, പി.വി.രതീഷ്, മനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."