ജീവന്‍ദി മടങ്ങി; ഭര്‍ത്താവിന്റെ മൃതദേഹവുമായി
കൊച്ചി: പണമില്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ ആറുദിവസം കാവലിരിക്കേണ്ടി വന്ന ഒഡിഷ സ്വദേശിനി ജീവന്‍ദിയുടേയും രണ്ടരവയസുകാരിയായ മകളുടേയും ദുരിതത്തിന് അന്ത്യം.
ആറ് ദിവസമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒഡിഷ സ്വദേശി സഞ്ജയ് പ്രധാന്റെ മൃതദേഹം ജില്ലാ ഭരണകൂടം ഇടപെട്ട് സര്‍ക്കാര്‍ ചെലവില്‍ വിമാന മാര്‍ഗം നാട്ടിലേക്കയക്കുകയായിരുന്നു.
ഒരു മാസം മുന്‍പ് തൊഴില്‍ തേടി ഒഡിഷയില്‍ നിന്നെത്തിയ സഞ്ജയ് കഴിഞ്ഞ ഒന്നാം തിയതിയാണ് മലേറിയ ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്.
ഭര്‍ത്താവ് അസുഖം ബാധിച്ച് ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ്് ഒഡീഷയില്‍ നിന്ന് രണ്ട് വയസുള്ള മകള്‍ സഞ്ജനയുമായി വന്ന ജീവന്‍ദിക്ക് ചേതനയറ്റ ഭര്‍ത്താവിന്റെ മൃതദേഹമാണ് കാണാനായത്.
തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ അഞ്ച് ദിവസമായി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ചെലവ് വഹിക്കാന്‍ ആരും തയാറായില്ല.
പിന്നീട് സംഭവം വിവാദമായതോടെയാണ് ജില്ലാ കലക്ടര്‍ ഇടപെട്ട് മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാന്‍ തീരുമാനമായത്.
സഞ്ജയ് പ്രധാനിന്റെ മൃതദേഹം കൂടാതെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എറണാകുളത്തെത്തിച്ച പശ്ചിമബംഗാള്‍ സ്വദേശി അലി മുഹമ്മദിന്റെയും മൃതദേഹവും വിമാന മാര്‍ഗം നാട്ടിലേക്കയച്ചു.
ഒഡിഷയിലെ കന്ദമാല്‍ സ്വദേശിയായ സഞ്ജയ് പ്രധാനിന്റെയും പശ്ചിമ ബംഗാള്‍ സ്വദേശി അലി മുഹമ്മദിന്റെയും മൃതദേഹങ്ങള്‍ ഒരാഴ്ചയായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പണമില്ലാത്തതിനാലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ നിര്‍ദേശപ്രകാരം മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു.
ഇന്നലെ രാത്രി 10.45നുള്ള വിമാനത്തില്‍ സഞ്ജയ് പ്രധാനിന്റെയും 12.45നുള്ള വിമാനത്തില്‍ അലി മുഹമ്മദിന്റെയും മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്കയക്കുകയായിരുന്നു. സഞ്ജയ് പ്രധാന്റെ ഭാര്യയും കുഞ്ഞും ഭാര്യാ സഹോദരന്മാരും ഒപ്പമുണ്ട്.
ഇവരുടെ യാത്രാ ചെലവും സര്‍ക്കാര്‍ വഹിച്ചു. അലി മുഹമ്മദിന്റെ മൃതദേഹം പശ്ചിമ ബംഗാളില്‍ മകന്‍ ഏറ്റുവാങ്ങുമെന്ന് കലക്ടറെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇതിനുള്ള നടപടികളും പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."