ഖത്തറിലേക്കുള്ള വിസാ ഇളവ്: അനിശ്ചിതത്വം നീളുന്നു
കൊണ്ടോട്ടി: വിസയില്ലാതെ ഖത്തറിലേക്കു കടക്കുന്നതിനുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് ഒരുമാസമായിട്ടും അനിശ്ചിതത്വം നീങ്ങിയില്ല. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം തുടര്‍നടപടികള്‍ സ്വീകരിക്കാത്തതാണ് അനിശ്ചിതത്വത്തിനു കാരണം. ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തറില്‍ പ്രവേശിക്കാനാണ് ഖത്തര്‍ ഗവണ്‍മെന്റ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞമാസം ഒന്‍പതിനാണ് വിസയില്ലാതെ ഖത്തറിലേക്ക് അനുമതി നല്‍കിയത്.
എന്നാല്‍ ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിലോ എംബസികളിലോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗത്തിന് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും ലഭിച്ചിട്ടില്ല.
ഖത്തറിലേക്കു പുതിയ വിസക്ക് ആറായിരം രൂപയ്ക്കു മുകളില്‍ നല്‍കണം. മാത്രവുമല്ല ഇതു ലഭ്യമാക്കാനും പ്രയാസമായിരുന്നു. എന്നാല്‍ നേരത്തെ ഖത്തര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആനുകൂല്യത്തില്‍ വിസയുടെ ആവശ്യമില്ല. ഇത് കുടംബങ്ങളെ വിമാന ടിക്കറ്റെടുത്ത് ഖത്തറില്‍ കൊണ്ടുവരുന്നതിന് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുമായിരുന്നു.
വിസയില്ലാതെ ഖത്തറിലേക്കുള്ള യാത്ര ആവശ്യപ്പെട്ട് ട്രാവല്‍ ഏജന്‍സികളിലും അന്വേഷണവുമായി നിരവധിപേര്‍ എത്തുന്നുണ്ട്. തൊഴില്‍ തേടിയുള്ളവരുടെ അന്വേഷണത്തേക്കാളേറെ ടൂറിസ്റ്റുകളായി പോകാനാണ് താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നു ട്രാവല്‍ ഉടമകള്‍ പറയുന്നു.
ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തേക്കാണ് വിസയില്ലാതെ രാജ്യത്തു തങ്ങാന്‍ ഖത്തര്‍ അനുമതി നല്‍കുന്നത്. ആവശ്യമെങ്കില്‍ ഇത് 30 ദിവസത്തേക്കുകൂടി നീട്ടിനല്‍കും. ബാക്കി 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയും മടക്കയാത്രക്കുള്ള ടിക്കറ്റും ഹാജരാക്കിയാല്‍ പ്രവേശനാനുമതി ലഭിക്കുമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഒരുമാസമായിട്ടും പ്രഖ്യാപിച്ച രീതിയില്‍ ഖത്തറിലേക്കു വിസയില്ലാതെ പോകാന്‍ കഴിയുന്നില്ല.
ഖത്തറിലെ പുതിയ വിസാ ഇളവുമായി തങ്ങള്‍ക്ക് ഒദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കരിപ്പൂര്‍ വിമാനത്താവള എമിഗ്രേഷന്‍ വിഭാഗം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."