സ്‌കൂള്‍ കലോത്സവത്തില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയേക്കും
തിരുവനന്തപുരം: അഴിമതിയും ആഡംബരവും ഒഴിവാക്കാന്‍ സ്‌കൂള്‍ കലോത്സവത്തിനു പുതിയ മുഖംനല്‍കി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കലോത്സവങ്ങളില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന വിജയികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയേക്കും.
സ്‌കൂള്‍ കലോത്സവ നിയമാവലി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി എസ്.സി.ഇ.ആര്‍.ടി വിദ്യാഭ്യാസ വകുപ്പിനു ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി. കലോത്സവങ്ങളില്‍ വിജയികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം കൂട്ടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതു നിര്‍ത്തലാക്കുന്നതോടെ കലോത്സവത്തില്‍ അഴിമതി ഇല്ലാതാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി നല്‍കുന്നത്. ഇത് എസ്.എസ്.എല്‍.സി പരീക്ഷയുമായി ചേര്‍ക്കുമ്പോള്‍ വിജയശതമാനം കൂടും. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ക്കിനൊപ്പം കൂട്ടാതെ എസ്.എസ്.എല്‍.സി ബുക്കില്‍ ഗ്രേസ് എഴുതിയാല്‍ മതിയെന്നും ഉപരിപഠനത്തിന് അപേക്ഷിക്കുമ്പോള്‍ വെയിറ്റേജ് മാര്‍ക്കായി ഇതു പരിഗണിക്കാമെന്നും എസ്.സി.ഇ.ആര്‍.ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഗ്രേസ് മാര്‍ക്ക് സമ്പ്രദായം നിര്‍ത്തലാക്കുന്നതോടെ കലോത്സവങ്ങളിലെ അപ്പീല്‍ പ്രളയത്തിന് അറുതിവരുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കൂടാതെ പണം വാരിയെറിഞ്ഞ് അമിത ആഡംബരം കാണിക്കുന്ന മത്സരാര്‍ഥികള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് നല്‍കണമെന്ന ശുപാര്‍ശയും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. നൃത്ത മത്സരങ്ങളിലാണ് ഏറ്റവും കൂടുതല്‍ പണം വാരിയെറിയുന്നത്.
മാത്രമല്ല, വിധികര്‍ത്താക്കള്‍ക്ക് പണം നല്‍കി ഒന്നാമതെത്താന്‍ ശ്രമിച്ച നിരവധി പരാതികള്‍ മുന്‍ കലോത്സവങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇതിനു മാറ്റം വരാന്‍ നൃത്ത, സംഗീത ഇനങ്ങള്‍ക്കു ശേഷം വൈവമാതൃകയില്‍ നൃത്തത്തെക്കുറിച്ച് അറിവുണ്ടോ എന്ന് പരീക്ഷിച്ചതിനു ശേഷമായിരിക്കണം വിധി നിശ്ചയിക്കാനെന്നും കര്‍ക്കശമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ക്രിസ്തുമസ് അവധിക്കാലത്തു കലോത്സവം നടത്തണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നുവരെ നടത്തിയാല്‍ ഒരു ദിവസത്തെ അധ്യയനദിനം മാത്രമേ നഷ്ടമാകുകയുള്ളൂവെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ഈ ശുപാര്‍ശ നേരത്തെ വിദ്യാഭ്യാസ വകുപ്പ് അധ്യാപകരുടെ യോഗത്തില്‍ മുന്നോട്ടുവച്ചിരുന്നു. കൂടാതെ വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിനും നിര്‍ദേശമുണ്ട്.
പക്ഷപാതപരമായി പെരുമാറുന്ന വിധികര്‍ത്താക്കളെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ കലാ, സാംസ്‌കാരിക മത്സര പരിപാടികളില്‍നിന്നു വിലക്കണം എന്ന നിര്‍ദേശവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെട്ട പതിനൊന്നംഗ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവ സംബന്ധിച്ച് അധ്യാപക സംഘടനകളുമായി 13ന് ചര്‍ച്ച നടത്തിയതിനു ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."