ഫ്രീസറിലേക്കു മാറ്റിയ 'മൃതദേഹം' കണ്ണുതുറന്നു; ഐ.സി.യുവില്‍ ചികിത്സയിലിരിക്കേ മരിച്ചു
തൊടുപുഴ: മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഫ്രീസറിലേക്കുമാറ്റിയ സ്ത്രീ കണ്ണുതുറന്നു. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ വൈകിട്ട് 6.30 ഓടെ മരിച്ചു.
ഇടുക്കി വണ്ടന്മേട് പുതുവല്‍ രത്തിനവിലാസം മുനിസ്വാമിയുടെ ഭാര്യ രത്ന(53)ത്തിനെയാണ് മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഇന്നലെ രാവിലെ ഫ്രീസറിലേക്ക് മാറ്റിയത്.
രണ്ടു മാസമായി മഞ്ഞപ്പിത്തം ബാധിച്ച് രത്നം മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതോടെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
പിന്നീട് ബന്ധുക്കളുടെ ആവശ്യപ്രകാരം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ആറുമണിക്കൂറില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സിലാണ് സ്വദേശമായ വണ്ടന്മേട്ടിലേക്ക് കൊണ്ടുവന്നത്.
എന്നാല്‍ വീട്ടിലെത്തിച്ചപ്പോള്‍ രത്നത്തിന് അനക്കമില്ലത്താതിനാല് മരിച്ചെന്നു കരുതി മൊബൈല്‍ ഫ്രീസറിലേക്ക് മാറ്റി.
ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കാതെയാണ് ഫ്രീസറിലേക്ക് മാറ്റിയത്. തുടര്‍ന്ന് സംസ്കാരത്തിനുള്ള നടപടികളും ആരംഭിച്ചു.
അതിനിടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ ആളുകളിലൊരാള്‍ക്ക് കണ്ണ് അനങ്ങുന്നതായി തോന്നുകയും വിശദമായ പരിശോധനയില്‍ ജീവനുണ്ടെന്ന് മനസിലാക്കുകയുമായിരുന്നു.
പിന്നീട് ആശുപത്രിയിലെ ഡോക്ടറെ കൊണ്ടുവന്നു പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് സ്ഥിരീകരിച്ചു. സംഭവമറിഞ്ഞ ഇടുക്കി കലക്ടര്‍ ഇടപെട്ട് മികച്ച ചികില്‍സ ലഭ്യമാക്കാന്‍ ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചെങ്കിലും പക്ഷെ രോഗം മൂര്‍ച്ഛിച്ച് ഉടന്‍ രത്നം മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."