വിദ്യാര്‍ഥികളില്ല; 37 എന്‍ജിനീയറിങ് കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തിരുവനന്തപുരം: കുട്ടികളില്ലാതെ സംസ്ഥാനത്ത് 37 എന്‍ജിനീയറിങ് കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ പ്രകാരം മൂന്നിലൊരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത കോളജുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.
30 ശതമാനം വിദ്യാര്‍ഥികള്‍ പോലും ഈ വര്‍ഷം പ്രവേശനം നേടാത്ത കോളജുകളാണ് അടച്ചുപൂട്ടേണ്ടിവരിക. ഇതില്‍ രണ്ടു സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളും ഉള്‍പ്പെടുന്നു. നിലവില്‍ ഈ കോളജുകളിലുള്ള കുട്ടികളെ മറ്റു കോളജുകളിലേക്ക് മാറ്റുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
മൂന്നിലൊന്നു കുട്ടികള്‍പോലും പ്രവേശനം നേടാത്ത 800 എന്‍ജിനീയറിങ് കോളജുകള്‍ രാജ്യത്തുണ്ട്. ഇത്തരം കോളജുകള്‍ അടുത്ത അധ്യായനവര്‍ഷം മുതല്‍ അടച്ചുപൂട്ടാനാണ് ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം. ഇതിലാണ് കേരളത്തിലെ എന്‍ജീനിയറിങ്ങ് കോളജുകള്‍ ഉള്‍പ്പെടുക.
പഠനനിലവാരം മോശമായതിനാലാണ് മിക്ക കോളജുകളിലും വിദ്യാര്‍ഥികള്‍ കുറഞ്ഞത്. ഈ അധ്യായന വര്‍ഷം സംസ്ഥാനത്തെ പല എന്‍ജിനീയറിങ് കോളജുകളിലും ആവശ്യത്തിന് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടില്ല.
മൂന്നിലൊന്ന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന കോളജുകള്‍ അടുത്തയാഴ്ചയ്ക്കകം എ.ഐ.സി.ടി.ഇക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒപ്പം എ.ഐ.സി.ടി.ഇ മിന്നല്‍ പരിശോധനയും നടത്തും.ഇതിനു ശേഷം ഉടന്‍ പൂട്ടാനുള്ള കോളജുകളുടെ പട്ടിക എ.ഐ.സി.ടി.ഇ തയാറാക്കും.
സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തില്‍ 5.77 ശതമാനം സീറ്റാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത്. സര്‍ക്കാര്‍, സര്‍വകലാശാലാ നിയന്ത്രിത വിഭാഗത്തില്‍ 37.07 ശതമാനം സീറ്റില്‍ ആളില്ല. സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 67.21 ശതമാനം സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്. ആകെ 25,000 സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത്.
2012ല്‍ 7,686 സീറ്റും, 2013ല്‍ അത് 8,481, 2014ല്‍ 12,181, 2015ല്‍ 16,528, 2016ല്‍ 17,333 സീറ്റുകളും ഒഴിഞ്ഞുകിടന്നിരുന്നു. കഴിഞ്ഞവര്‍ഷം വരെ അഡ്മിഷന്‍ ലഭിക്കാതിരുന്ന കോളജുകളിലും ഇത്തവണ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമേ പ്രവേശനം നേടിയിട്ടുള്ളൂ. ഏതാണ്ട് 20,000 കോടിയുടെ മുടക്കുമുതലാണ് സംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനിയറിങ് മേഖലയിലുള്ളത്.
പലരും വായ്പ എടുത്താണ് കോളജുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കോളജുകളില്‍ വിജയശതമാനം കുത്തനെ ഇടിഞ്ഞതാണ് എന്‍ജീനിറിങ് കോളജുകളില്‍ വിദ്യാര്‍ഥികളെ കിട്ടാതായത്. മികച്ച അധ്യാപകരുടെ കുറവാണ് പല എന്‍ജീനിറിങ്ങ് കോളജുകളിലും പഠന നിലവാരം കുറയ്ക്കാന്‍ ഇടയാക്കിയത്. കനത്ത ശമ്പളം നല്‍കി അധ്യാപകരെ നിയമിക്കാന്‍ സ്വാശ്രയ കോളജുകള്‍ തയാറാകുന്നില്ല. വിദ്യാര്‍ഥികളില്ലാതെ എങ്ങനെ കനത്ത ശമ്പളത്തില്‍ അധ്യാപകരെ നിയമിക്കും എന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."