നിരര്‍ഥകമായ ആരോപണങ്ങള്‍
സ്ത്രീ ചേലാകര്‍മ വിവാദത്തില്‍ ചില സാംസ്‌കാരിക നായകരും ജനപ്രതിനിധികളും ഡോക്ടര്‍മാരും ശക്തമായി പ്രതികരിച്ച് കണ്ടു. ജനപ്രതിനിധികള്‍ ജനവികാരത്തോടൊപ്പം നില്‍ക്കല്‍ സ്വാഭാവികം. ആളും തരവും നോക്കി പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ അഭിപ്രായത്തിന് വില കല്‍പ്പിക്കുന്നില്ല. അങ്ങ് അകലെ മലാലക്ക് വേണ്ടി ഘോരഘോരം ശബ്ദിക്കുന്ന അവര്‍ സ്വന്തം മൂക്കിന് താഴെ വിശ്വാസ സ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് കഴിയുന്ന ഹാദിയക്ക് വേണ്ടി ഒരക്ഷരം ഉരിയാടിയിട്ടില്ല. ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്നപ്പോള്‍ നുരഞ്ഞുപൊങ്ങിയ മനുഷ്യസ്‌നേഹം റിയാസ് മൗലവിയെ വെട്ടിക്കൊന്നപ്പോള്‍ ഉണ്ടായില്ല. മനുഷ്യ സംസ്‌കാരത്തിന് പകരം സ്വന്തം സംസ്‌കാരമാണ് പലപ്പോഴും അവര്‍ പ്രകടിപ്പിക്കുന്നത്.
എന്നാല്‍, വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. അവരെ മാനിച്ച് കൊണ്ട് തന്നെ പറയട്ടെ, ഇസ്‌ലാമിക ചേലാകര്‍മത്തെ കുറിച്ചുള്ള അജ്ഞതയാണ് പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. അപരിഷ്‌കൃതമായ ചേലാകര്‍മത്തില്‍ അവരുടെ നിഗമനങ്ങള്‍ ശരിയാണ്. ശിശ്‌നിക പൂര്‍ണമായി നശിപ്പിക്കുക, ശിശ്‌നികയും ഭഗാധരങ്ങളും ഛേദിക്കുക, ഛേദിച്ച ഭാഗങ്ങള്‍ തുന്നിക്കെട്ടുക തുടങ്ങിയ പ്രാകൃത മുറകളെല്ലാം ആഫ്രിക്കന്‍ നാടുകളില്‍ നടക്കുന്നുണ്ട്. ഇസ്‌ലാമിക ചേലാകര്‍മം ഇതില്‍ നിന്ന് തീര്‍ത്തും ഭിന്നമാണ്. കാരണം:
1. ശിശ്‌നികയുടെ അറ്റമോ അതിനെ പൊതിഞ്ഞ് നില്‍ക്കുന്ന നേര്‍ത്ത ആവരണമോ ആണ് ഇസ്‌ലാമിക ചേലാകര്‍മത്തില്‍ നീക്കം ചെയ്യുന്നത്. ഉമ്മു അതിയ്യ(റ) യോട് നബി (സ) നിര്‍ദേശിച്ചത് 'അശിമ്മീ' (അല്‍പം മാത്രം ഛേദിക്കുക) എന്നാണ്. ഉയര്‍ത്തുക, മണപ്പിക്കുക എന്നെല്ലാമാണ് പ്രസ്തുത പദത്തിന്റെ ഭാഷാര്‍ഥം. ചേലാകര്‍മം ചെയ്യുന്ന കത്തി ചെറുതായി ഉപയോഗിച്ചാല്‍ മതി, ശിശ്‌നിക ഉയര്‍ന്ന് തന്നെ നില്‍ക്കട്ടെ എന്ന് സൂചന. അല്‍പം മാത്രം ഛേദിക്കലാണ് ശ്രേഷ്ഠം എന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട് (മുഗ്‌നി 4:202).
2. ചേലാകര്‍മം നിമിത്തം അപകടം ഭയപ്പെടുന്നുവെങ്കില്‍ അത് നിര്‍ബന്ധമോ സുന്നത്തോ ഇല്ല. 'ചേലാകര്‍മം സഹിക്കാന്‍ കഴിയാത്ത ദുര്‍ബലര്‍ക്ക് അത് ചെയ്യാവതല്ല' (തുഹ്ഫ 9: 200). അപ്പോള്‍, ചേലാകര്‍മം ചെയ്താല്‍ അപകടമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയാല്‍ തല്‍ക്കാലം ചെയ്യേണ്ടതില്ല.
3. സ്വയം ചെയ്യാന്‍ കഴിയുകയോ ചെയ്ത് കൊടുക്കാന്‍ പ്രാപ്തിയുള്ളവരെ ലഭിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമാണ് ചേലാകര്‍മം നിര്‍ബന്ധം. മുറി വൈദ്യരെ സമീപിച്ച് മുറിവുണ്ടാക്കാന്‍ ഇസ്‌ലാം കല്‍പ്പിക്കുന്നില്ല.
4. ഭഗശിശ്‌നിക തീരെ ഉയര്‍ന്ന് നില്‍ക്കാത്തവര്‍ക്ക് ചേലാകര്‍മം ആവശ്യമില്ലെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. 'ചേലാകര്‍മം ചെയ്യപ്പെട്ടതുപോലെ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ സ്ത്രീപുരുഷന്മാര്‍ക്ക് അത് ചെയ്യല്‍ നിര്‍ബന്ധമാണ്'(തുഹ്ഫ 9 :198). ഇതനുസരിച്ച് ചില സമൂഹങ്ങളില്‍ തന്നെ തീരെ ചെയ്യേണ്ടതില്ലെന്നും വന്നേക്കാം.
5. എല്ലാ നിബന്ധനയും ഒത്തുവന്നാല്‍ തന്നെ അത് സുന്നത്താണെന്ന് നിരവധി പണ്ഡിതര്‍ പറഞ്ഞിട്ടുണ്ടല്ലോ. അവരെ അനുകരിച്ച് ചേലാകര്‍മം ഉപേക്ഷിച്ചാല്‍ സ്ത്രീകള്‍ കുറ്റക്കാരല്ല. എന്നാല്‍, വലിയൊരു പുണ്യം അവര്‍ നഷ്ടപ്പെടുത്തി.
ആരോപണങ്ങളും മറുപടികളും
ചേലാകര്‍മം ആരോഗ്യപരമായും മാനസികമായും ലൈംഗികമായും സാമൂഹികമായും പല അപകടങ്ങളും സ്ത്രീകള്‍ക്ക് വരുത്തിവയ്ക്കുമെന്ന് വിമര്‍ശകര്‍ നിരന്തരം പറയുന്നുണ്ട്. വസ്തുത എന്താണ്? പ്രധാന ആരോപണങ്ങള്‍ നോക്കാം.
ഒന്ന്: സ്ത്രീ ചേലാകര്‍മം അമിത രക്തസ്രാവത്തിനും ലൈംഗിക രോഗങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനും കാരണമാകുന്നു.
മറുപടി: ഞരമ്പുകളും ധമനികളും കൊണ്ട് സമൃദ്ധമാണ് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങള്‍ എന്നതില്‍ തര്‍ക്കമില്ല. പ്രാകൃതമായോ അശ്രദ്ധമായോ അത് ഛേദിച്ചാല്‍ രക്തസ്രാവമുണ്ടാകും. പക്ഷേ, ഇസ്‌ലാമിക ചേലാകര്‍മത്തില്‍ അതില്ല. ഇതുസംബന്ധിച്ച് പഠനം നടത്തിയ ഡോ. മുനീര്‍ മുഹമ്മദ് ഫൗസി വ്യക്തമാക്കുന്നു: 'ഇത്തരം പ്രചാരണങ്ങള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. തെറ്റായ രീതിയില്‍ ചേലാകര്‍മം ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണിതെല്ലാം. (സ്ത്രീ ചേലാകര്‍മം: മതപണ്ഡിതര്‍ക്കും ഡോക്ടര്‍മാര്‍ക്കും മധ്യേ: ഡോ. മര്‍യം ഇബ്‌റാഹീം ഹിന്ദി, പേജ്: 47). 1928 ഡിസംബറില്‍ കെയ്‌റോയില്‍ നടന്ന മെഡിക്കല്‍ കോണ്‍ഫ്രന്‍സില്‍ ഡോ. അലി ഇബ്രാഹീം ബാഷ പറഞ്ഞത് 'ശരിയായ രീതിയില്‍ ചേലാകര്‍മം ചെയ്താല്‍ പരിഹരിക്കാവുന്നതേയുള്ളൂ രക്തസ്രാവ പ്രശ്‌നം' എന്നാണ് ( ചേലാകര്‍മം മതത്തിലും ശാസ്ത്രത്തിലും: അബുബക്കര്‍ അബ്ദു റസാഖ്, പേജ്: 68).
രണ്ട് : ചേലാകര്‍മം സ്ത്രീത്വത്തിന് അപമാനമാണ്; അതിന് നേരെയുള്ള കൈയേറ്റമാണ്.
മറുപടി: ഈ ആരോപണത്തിന് പ്രചോദനം രണ്ടാണ്: ഇസ്‌ലാമിക ചേലാകര്‍മത്തെക്കുറിച്ചുള്ള അജ്ഞതയും സര്‍വ സ്വതന്ത്രരായി വിശിഷ്യാ ലൈംഗികതയില്‍ ജീവിക്കലാണ് സ്ത്രീത്വം എന്ന ധാരണയും. മനുഷ്യാവകാശം പാശ്ചാത്യരില്‍ നിന്നോ പൗരസ്ത്യരില്‍ നിന്നോ അല്ല മുസ്‌ലിംകള്‍ പഠിച്ചത്. മറിച്ച്, മനുഷ്യാവകാശം എന്തെന്ന് ലോകത്തിന് പഠിപ്പിച്ച പ്രവാചകരില്‍ നിന്നാണ്. ഒരാളുടെ വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കലാണ് വലിയ മനുഷ്യാവകാശം. പുണ്യം ലഭിക്കാനും ദൈവപ്രീതിക്കും ശരീരത്തില്‍ നിന്ന് നാമമാത്ര ഭാഗം ഒഴിവാക്കുന്നത് വിശ്വാസിക്ക് അഭിമാനമാണ്; അപമാനമല്ല. രഹസ്യ ഭാഗം വെളിവാക്കലാണ് പ്രശ്‌നമെങ്കില്‍ ചികിത്സ, പ്രസവം, ലൈംഗികത തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം അത് ചെയ്യുന്നുണ്ടല്ലോ? നൂറ്റാണ്ടുകളായി അംഗീകൃത രീതിയില്‍ ചേലാകര്‍മം ചെയ്യപ്പെട്ട ഒരാള്‍ക്കും താന്‍ അപമാനിക്കപ്പെട്ടതായി തോന്നിയിട്ടില്ല. സ്ത്രീത്വത്തിന്റെ നിര്‍വചനം മാറിയപ്പോഴാണ് ചിലര്‍ക്കത് അപമാനമായി തോന്നിയത്.
മൂന്ന്: ചേലാകര്‍മം സ്ത്രീകളെ വൈകാരികമായി ഷണ്ഡീകരിക്കുന്നു.മറുപടി: ലൈംഗിക സുഖവും വികാരവും കൃത്യമായി അളക്കാനുള്ള സംവിധാനമെന്താണ്? ചേലാകര്‍മം ചെയ്ത് നൂറ്റാണ്ടുകളായി കഴിഞ്ഞുപോയ മുസ്‌ലിം സ്ത്രീകളെല്ലാം ലൈംഗിക വികാരമില്ലാത്തവരായിരുന്നു എന്ന് പറയാന്‍ ചില്ലറ തൊലിക്കട്ടി പോരാ. പ്രാകൃത ചേലാകര്‍മത്തില്‍ ഷണ്ഡീകരണം ശരിയായിരിക്കാം. പക്ഷേ, അതല്ലല്ലോ ഇസ്‌ലാം പഠിപ്പിച്ചത്. സത്യത്തില്‍, സൂക്ഷ്മമായ പഠനങ്ങളുടെയോ ചേലാകര്‍മം ചെയ്യപ്പെടാത്ത സ്ത്രീകളിലും അംഗീകൃത രീതിയില്‍ ചെയ്യപ്പെട്ടവരിലും നടത്തിയ സത്യസന്ധമായ സര്‍വേയുടെയോ പിന്‍ബലത്തിലല്ല ഇത് പറയുന്നത്. മാത്രമല്ല, സ്ത്രീകളിലെ വികാരോത്തേജനത്തില്‍ ക്ലിറ്റൊരിസിന് പങ്കുണ്ടെങ്കിലും മറ്റു പല ഘടകങ്ങള്‍ക്കും അത് പോലെയോ അതിലുപരിയോ പങ്കുണ്ട്. ക്ലിറ്റൊരിസിന് വരുന്ന നിസാര പ്രശ്‌നങ്ങള്‍ കാരണം ലൈംഗിക മരവിപ്പ് ഉണ്ടാകില്ല. ന്യൂയോര്‍ക് യൂനിവേഴ്‌സിറ്റി സ്ത്രീ രോഗ വിഭാഗം തലവന്‍ പ്രൊഫ. ഹനര്‍ തന്റെ 'സ്ത്രീ രോഗങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'പ്രസവാനന്തരം യോനീമുഖം വികസിക്കുന്നത് പലപ്പോഴും ലൈംഗിക മരവിപ്പിന് ഹേതുവാകുന്നു. അതേസമയം, ശിശ്‌നികയെ ബാധിക്കുന്ന രോഗവും നിര്‍ജീവതയും താല്‍പര്യമില്ലായ്മയോ മരവിപ്പോ ഉണ്ടാക്കല്‍ വിരളമാണ്' (ചേലാകര്‍മം: അബൂബക്കര്‍ അബ്ദുറസാഖ്, പേജ്: 60).
ശിശ്‌നികാഗ്രം നീക്കുന്നത് അതിവൈകാരികതയെ നിയന്ത്രിക്കുമെന്നത് വസ്തുതയാണ്. സ്ത്രീ ചേലാകര്‍മത്തിന്റെ മാത്രമല്ല; പുരുഷ ചേലാകര്‍മത്തിന്റെയും ലക്ഷ്യത്തില്‍ പെട്ടതാണ് അത്. പണ്ഡിതര്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു തൈമിയ്യ പറയുന്നു: 'സ്ത്രീ ചേലാകര്‍മത്തിന്റെ ലക്ഷ്യം അവളുടെ വികാരം ക്രമീകരിക്കലാണ്. ചേലാകര്‍മം ചെയ്തില്ലെങ്കില്‍ അവള്‍ അതിവൈകാരികയാകും. അത് കൊണ്ടാണ് ഫ്രഞ്ച് സ്ത്രീകളിലും തര്‍ത്താരി സ്ത്രീകളിലും മുസ്‌ലിം സ്ത്രീകളേക്കാള്‍ വ്യഭിചാരം വര്‍ധിച്ച് കാണുന്നത്. അമിതമായി ചെയ്താല്‍ വികാരം തീരെ ദുര്‍ബലമാകും.'(മജ്മൂഉല്‍ ഫതാവാ 21: 114 ). ഡോക്ടര്‍മാരും ഇത് ചുണ്ടിക്കാണിച്ചിട്ടുണ്ട്. ഡോ. ബാര്‍റ്: പറയുന്നു: 'പുരുഷലിംഗം പോലെത്തന്നെ ഉദ്ദീപനം ചെയ്യപ്പെടുന്ന അവയവമാണ് ശിശ്‌നിക. ചേലാകര്‍മം ഒഴിവാക്കുന്നത് ചിലപ്പോള്‍ അനിയന്ത്രിത വികാരത്തിലേക്കും വ്യഭിചാരത്തിലേക്കും നയിക്കാം. മുഴുവന്‍ ഛേദിക്കുന്നത് ലൈംഗിക മരവിപ്പിന് ഹേതുവാകും' (മനുഷ്യസൃഷ്ടിപ്പ്: ഖുര്‍ആനിനും വൈദ്യശാസ്ത്രത്തിനും മധ്യേ: ഡോ.ബാര്‍റ്, പേജ്: 34, സ്ത്രീ ചേലാകര്‍മം: ഇസ്‌ലാമിനും ശാസ്ത്രത്തിനും മധ്യേ: ഡോ.ഹാമിദ് ഗവ്വാബി, പേജ്: 50 ).''
പഠനങ്ങള്‍; നിരീക്ഷണങ്ങള്‍
സ്ത്രീ ചേലാകര്‍മത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ശ്രദ്ധേയമായ വസ്തുത പ്രതികൂലിച്ച് നടന്ന പഠനങ്ങളധികവും ഇസ്‌ലാമിക ചേലാകര്‍മത്തെയല്ല പഠനവിധേയമാക്കിയത് എന്നതാണ്. പ്രത്യുത, അപരിഷ്‌കൃത ചേലാകര്‍മത്തെയാണ്. അനുകൂല പഠനങ്ങളാകട്ടെ ഇസ്‌ലാമിക ചേലാകര്‍മം സംബന്ധിച്ചാണ്. അതിനാല്‍ ഇരുവിഭാഗത്തിന്റെ പഠനങ്ങളിലും സത്യമുണ്ട്. പക്ഷേ, ചേലാകര്‍മം അപകടമാണെന്ന് സ്ഥാപിക്കുന്ന പഠനങ്ങളൊന്നും ഇസ്‌ലാമിക ചേലാകര്‍മത്തിന് ബാധകമല്ല.
അംഗീകൃത ചേലാകര്‍മം ഹാനികരമല്ലെന്ന് മാത്രമല്ല, ഗുണപരമാണെന്ന് നിരവധി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡോ. മുഹമ്മദ് അലി അല്‍ബാര്‍റ്, ഡോ. ഹാമിദ് അല്‍ഗവ്വാബി, ഡോ. മുനീര്‍ മുഹമ്മദ് ഫൗസീ, ഡോ. മര്‍യം ഇബ്‌റാഹീം ഹിന്ദി തുടങ്ങിയ പ്രഗല്‍ഭരെല്ലാം അംഗീകൃത ചേലാകര്‍മത്തിന്റെ ഗുണഫലങ്ങള്‍ രേഖപ്പെടുത്തിയവരാണ്.
ഭഗാധരങ്ങളില്‍ നിന്ന് വരുന്ന സ്രവങ്ങള്‍ ക്ലിറ്റോരിസിന് താഴെ അടിഞ്ഞ് കൂടാനും കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ ലൈംഗിക കാന്‍സര്‍ വരെ ഉണ്ടാകാനും കാരണമാകുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, മാത്രമല്ല അത് ദുര്‍ഗന്ധത്തിനും ഇടയാകും (സ്ത്രീ ചേലാകര്‍മം: ഇസ്‌ലാമിനും വൈദ്യ ശാസ്ത്രത്തിനും മധ്യേ, ഡോ. ഹാമിദ് ഗവ്വാബി, പേജ്: 50, സ്ത്രീ ചേലാകര്‍മം: ഡോ. മര്‍യം ഹിന്ദി പേജ്: 30). ഈജിപ്ത് പോലെ അംഗീകൃത ചേലാകര്‍മം വ്യാപകമായ രാജ്യങ്ങളില്‍ ലൈംഗിക കാന്‍സര്‍ ഏറ്റവും കുറവെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാം (അല്ലിവാഉല്‍ ഇസ്‌ലാമീ 1994, ലക്കം 9, പേജ്: 46 ).
ചേലാകര്‍മം ചെയ്യല്‍ മുഖപ്രസന്നത വര്‍ധിപ്പിക്കുമെന്ന് നബി (സ) പറഞ്ഞത് ശ്രദ്ധേയമാണ്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളിലും സമീപകാലത്ത് മറ്റു നാടുകളിലും സ്ത്രീകളില്‍ ലൈംഗിക അരാജകത്വം വര്‍ധിച്ചതിന് ചേലാകര്‍മവുമായി ബന്ധമുണ്ടെന്ന് ചില നിഗമനങ്ങളുണ്ട്. (ചേലാകര്‍മം: അബുബക്കര്‍ അബ്ദുര്‍ റസാഖ് പേജ്: 56).
അനുകൂലമായാലും പ്രതികൂലമായാലും ഇത്തരം പഠനങ്ങള്‍ക്കൊന്നും യഥാര്‍ഥ വിശ്വാസി അമിത പ്രാധാന്യം നല്‍കുന്നില്ല. പഠനങ്ങളോ ശാസ്ത്രീയതയോ അല്ല ഇസ്‌ലാമിക വിശ്വാസത്തിനാധാരം. പ്രത്യുത, ദൈവിക കല്‍പനകളാണ്. പല വസ്തുതകളും ഇസ്‌ലാം പറഞ്ഞ് ഏറെ കഴിഞ്ഞാണ് ശാസ്ത്രം കണ്ടെത്തിയത്. ഇസ്‌ലാമിക സ്ത്രീ ചേലാകര്‍മത്തിന്റെ ഗുണവശങ്ങളും ശാസ്ത്രം വിളിച്ച് പറയുന്ന കാലം വിദൂരമല്ല.
(അവസാനിച്ചു.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."