പലചരക്ക് കച്ചവടത്തിനു മറവില്‍ ലഹരി വില്‍പന; പ്രതി പിടിയിലായി
അരീക്കോട്: പലചരക്ക് കച്ചവടങ്ങളുടെയും ഭക്ഷണ ശാലകളുടെയും മറവില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നയാള്‍ പൊലിസ് പിടിയിലായി. കുറ്റൂളി തുമ്പത്ത് വീട്ടില്‍ ഇസ്മാഈ(54)ലിനെയാണ് അരീക്കോട് പൊലിസ് പിടികൂടിയത്. കുറ്റൂളിയില്‍ ഇയാള്‍ പലചരക്ക് കടയും ഭക്ഷണ ശാലയും നടത്തി വരികയാണ്. വിദ്യാര്‍ഥികള്‍ക്കടക്കം ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയതിനു ഇതിനു മുന്‍പ് മൂന്നുതവണ പൊലിസ് ഇയാളെ പിടികൂടിയിരുന്നു. പ്രതിയുടെ വീടിനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ കച്ചവടം നടക്കുമ്പോള്‍ ഇതിനെ മറയാക്കി ലഹരി വസ്തുക്കളുടെ വില്‍പനയും തകൃതിയായി നടക്കുന്നുണ്ട്. വീട്ടുപറമ്പില്‍ കുഴി എടുത്ത് ലഹരി വസ്തുക്കള്‍ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ച് മൂടി ആവശ്യാനുസരണം എടുത്ത് വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നതെന്ന് പൊലിസ് പറഞ്ഞു. ആറ് രൂപയുടെ ചെറിയ ലഹരി വസ്തുക്കളുടെ പാക്കുകള്‍ക്ക് പത്തിരട്ടി രൂപ ഈടാക്കിയിട്ടും ധാരാളം ആളുകള്‍ ലഹരി വസ്തുക്കള്‍ നുണയാന്‍ ഇവിടെയെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."