ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍: വീണ്ടും വെട്ടിലായി അര്‍ജന്റീന
മോണ്ടെവീഡിയോ: മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയെന്ന ലക്ഷ്യം ത്രിശങ്കുവില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഉറുഗ്വെയ്‌ക്കെതിരേ സമനിലയില്‍ പിരിയേണ്ടി വന്നതിന് പിന്നാലെ നടന്ന വെനസ്വലയ്‌ക്കെതിരായ പോരാട്ടത്തിലും സമനില വഴങ്ങേണ്ടി വന്നതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി മാറിയത്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ആശ്വാസം നല്‍കില്ല. ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ചിലിയും സമാന അവസ്ഥയിലാണിപ്പോള്‍. സാധ്യതകള്‍ അവസാനിച്ച വെനസ്വലയുമായുള്ള മത്സരം 1-1ന് സമനിലയില്‍ പിരിയേണ്ടി വന്നതാണ് അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായത്. ചിലിയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബൊളീവിയ അട്ടിമറിച്ചതോടെ അവര്‍ക്കും ഇനിയുള്ള പോരാട്ടം നിര്‍ണായകമാണ്. മറ്റു മത്സരങ്ങളില്‍ ബ്രസീല്‍ 1-1ന് കൊളംബിയയുമായി സമനിലയില്‍ പിരിഞ്ഞു. പെറു 2-1ന് ഇക്വഡോറിനേയും ഉറുഗ്വെ 2-1ന് പരാഗ്വെയേയും പരാജയപ്പെടുത്തി.
കളിയില്‍ മൃഗീയ ആധിപത്യം സ്ഥാപിച്ചിട്ടും ഗോളടിക്കാന്‍ മറന്നുപോയതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഒരു ഗോള്‍ വഴങ്ങി തോല്‍വി മുന്നില്‍ കണ്ട അര്‍ജന്റീന സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് സമനിലയുമായി രക്ഷപ്പെട്ടത്. ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, പോളോ ഡിബാല, ഇക്കാര്‍ഡി, മഷറാനോ തുടങ്ങിയ വമ്പന്‍മാരെല്ലാം അണിനിരന്നിട്ടും അവര്‍ക്ക് സമനില വഴങ്ങേണ്ടി വന്നു.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 50ാം മിനുട്ടില്‍ കളിക്ക് വിപരീതമായി വെനസ്വലയാണ് ഗോളടിച്ചത്. മുരില്ലോയാണ് അര്‍ജന്റീനയെ ഞെട്ടിച്ച് വല ചലിപ്പിച്ചത്. എന്നാല്‍ നാല് മിനുട്ടിനുള്ളില്‍ ഫ്‌ളെച്ചറുടെ സെല്‍ഫ് ഗോള്‍ വെനസ്വലന്‍ വലയിലേക്ക് തന്നെ കയറിയപ്പോള്‍ ദാന ഗോളിന്റെ ബലത്തില്‍ അര്‍ജന്റീന സമനിലയുടെ ആശ്വാസം അനുഭവിച്ച് തോല്‍വിയില്‍ നിന്ന് കടന്നുകൂടുകയായിരുന്നു.
നേരിട്ട് യോഗ്യത നേടാനുള്ള ചിലിയന്‍ മോഹത്തിന് മുകളിലാണ് ബൊളീവിയ ഒറ്റ ഗോളിന്റെ വിജയവുമായി നിറഞ്ഞത്. അദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ കളിയുടെ 59ാം മിനുട്ടില്‍ വഴങ്ങിയ പെനാല്‍റ്റിയാണ് ചിലിയുടെ വിധിയെഴുതിയത്. ബൊളീവിയന്‍ താരം ആര്‍സെ പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ചതോടെ ചിലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് അത് കനത്ത തിരിച്ചടിയായി മാറുകയായിരുന്നു.
നിലവില്‍ ബ്രസീല്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. ആദ്യ നാല് ടീമുകള്‍ക്ക് നേരിട്ടും അഞ്ചാം ടീമിന് ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേയോഫ് പോരാട്ടം കളിച്ചും യോഗ്യത നേടാനുള്ള അവസരമാണുള്ളത്. 27 പോയിന്റുമായി ഉറുഗ്വെ, 26 പോയിന്റുമായി കൊളംബിയ, 24 പോയിന്റുമായി പെറു ടീമുകളാണ് ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്ക് അവകാശവുമായുള്ളത്. 24 പോയിന്റുമായി അര്‍ജന്റീന അഞ്ചാമതും 23 പോയിന്റുമായി ചിലി ആറാമതും നില്‍ക്കുന്നു.
അടുത്ത മാസം അരങ്ങേറുന്ന ശേഷിക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീന പെറുവുമായും പിന്നീട് ഇക്വഡോറുമായും ഏറ്റുമുട്ടും. ഈ രണ്ട് മത്സരങ്ങളിലും അവര്‍ക്ക് വിജയം അനിവാര്യമാണ്. ചിലിക്ക് അടുത്ത മത്സരം ഇക്വഡോറുമായും അവസാന മത്സരം ബ്രസീലിനെതിരേയുമാണ്. ചിലിക്കും ഈ രണ്ട് മത്സരങ്ങള്‍ അതി നിര്‍ണായകം.
എട്ടടിച്ച് യോഗ്യതയ്ക്കരികിലെത്തി സ്‌പെയിന്‍
വഡുസ്: ലിചെന്‍സ്റ്റൈനെ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിന്‍ 2018ലെ റഷ്യന്‍ ലോകകപ്പ് ഫൈനല്‍ റൗണ്ട് യോഗ്യതയ്ക്ക് തൊട്ടരികിലെത്തി. രണ്ട് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ അടുത്ത മത്സരത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് യോഗ്യത ഉറപ്പാക്കാം. ഇരു പകുതികളിലായി നാല് വീതം ഗോളുകളാണ് സ്പാനിഷ് താരങ്ങള്‍ വലയിലാക്കിയത്. ആല്‍വരോ മൊറാറ്റ, ഇയാഗോ അസ്പസ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി.
മൂന്നാം മിനുട്ടില്‍ സെര്‍ജിയോ റാമോസാണ് ഗോളടിക്ക് തുടക്കമിട്ടത്. 15, 54 മിനുട്ടുകളിലാണ് മൊറാറ്റ വല ചലിപ്പിച്ചത്. 16ാം മിനുട്ടില്‍ ഇസ്‌ക്കോ, 39ാം മിനുട്ടില്‍ ഡേവിഡ് സില്‍വ, 51, 63 മിനുട്ടുകളില്‍ ഇയാഗോ അസ്പസ് എന്നിവരും വല ചലിപ്പിച്ചു. 89ാം മിനുട്ടില്‍ ലിചെന്‍സ്റ്റൈന്‍ താരം മിക്‌സിമിലിയന്‍ ജിയോപെല്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ദാനമായി വല ചലിപ്പിച്ചതോടെ സ്‌പെയിനിന്റെ വിജയത്തിന് എട്ടിന്റെ തിളക്കം.
മറ്റ് മത്സരങ്ങളില്‍ ഇറ്റലി 1-0ത്തിന് ഇസ്‌റഈലിനേയും വെയ്ല്‍സ് 2-0ത്തിന് മോള്‍ഡോവയേയും പരാജയപ്പെടുത്തി. സെര്‍ബിയ 1-0ത്തിന് അയര്‍ലന്‍ഡിനെ വീഴ്ത്തി ലോകകപ്പ് യോഗ്യതരികിലെത്തി. അതേസമയം കരുത്തരായ ക്രൊയേഷ്യയെ തുര്‍ക്കി 1-0ത്തിന് അട്ടിമറിച്ചു. ഉക്രൈനെ ഐസ്‌ലന്‍ഡ് 2-0ത്തിനും ലിത്വാനിയയെ 4-0ത്തിന് സ്ലോവേനിയയും സ്‌കോട്‌ലന്‍ഡ് 2-0ത്തിന് മാള്‍ടയേയും ഫിന്‍ലന്‍ഡ് 1-0ത്തിന് കൊസോവയേയും പരാജയപ്പെടുത്തി. അല്‍ബേനിയ - മാസിഡോണിയ മത്സരവും ഓസ്ട്രിയ- ജോര്‍ജിയ മത്സരവും 1-1ന് സമനില.
ഈജിപ്ത് തൊട്ടരികെ
ജൊഹന്നാസ്ബര്‍ഗ്: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് കളിക്കാനൊരുങ്ങി ആഫ്രിക്കന്‍ കരുത്തരായ ഈജിപ്ത്. 1990ല്‍ ലോകകപ്പ് കളിച്ച ശേഷം പിന്നീട് ഇതുവരെ യോഗ്യത നേടാന്‍ സാധിക്കാതിരുന്ന അവര്‍ അടുത്ത വര്‍ഷം റഷ്യയില്‍ അരങ്ങേറാനിരിക്കുന്ന പോരാട്ടത്തില്‍ സാന്നധ്യം അറിയിക്കുമെന്ന് ഏതാണ്ടുറപ്പായി.
നിര്‍ണായക പോരാട്ടത്തില്‍ ഉഗാണ്ടയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തിയാണ് ഈജിപ്ത് തൊട്ടരികിലെത്തി നില്‍ക്കുന്നത്. ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹാണ് ഈജിപ്തിന്റെ വിജയ ശില്‍പ്പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."