ജി.പി നാദാപുരത്തിന്റെ കവി; പ്രവാസത്തിന്റെയും
കോഴിക്കോട്: നാദാപുരം നാദങ്ങളുടെ പുരം കൂടിയാണ്. നാദാപുരത്തിന്റ നാദം ഹൃദയത്തിലേറ്റിയ കവിയാണ് ജി.പിയെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജി.പി കുഞ്ഞബ്ദുല്ല. ഒരു കവിയായി അറിയപ്പെടാനോ നാലാളുകളുടെ മുന്നില്‍ അക്കാര്യം വീമ്പിളക്കാനോ ജി.പിയെ കിട്ടില്ല.
കാരണം അദ്ദേഹത്തിന്റെ കാവ്യവഴികള്‍ വ്യത്യസ്തമാണ്. കല ആത്മസാക്ഷാത്കാരത്തിനും മനുഷ്യക്ഷേമത്തിനുമായി ഉപകാരപ്പെടണമെന്നതില്‍ അദ്ദേഹത്തിനു വിട്ടുവീഴ്ചയില്ല. അതിനാല്‍ കലയെ വിറ്റു പണമുണ്ടാക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമില്ല. പ്രവാസത്തിന്റെ തീക്ഷ്ണമായ പൊള്ളലുകള്‍ക്കിടയില്‍ ജി.പി പാട്ടുകള്‍ രചിക്കുകയും അതു പാടിപ്പിക്കുകയുമാണ്. ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം നൂറുക്കണക്കിനു കാവ്യസമ്പുഷ്ടമായ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി തന്റെ ബിസിനസിനൊപ്പം മാപ്പിളപ്പാട്ടുകളെയും കുഞ്ഞബ്ദുല്ല കൂടെക്കൊണ്ടു നടക്കുന്നു. നാദാപുരം ചാലപ്പുറത്തെ പറമ്പത്ത് മമ്മു ഹാജിയുടെയും ജി.പി കുഞ്ഞാമിയുടെയും മകനായ കുഞ്ഞബ്ദുല്ല ചെറുപ്പത്തിലേ മാപ്പിളപ്പാട്ടുകള്‍ കേട്ടാണ് വളര്‍ന്നത്.
നാദാപുരത്തുകാര്‍ക്ക് പണ്ടുകാലത്തേ പാട്ട് ജീവിതത്തിന്റെ ഭാഗമായിരുന്നു. കല്യാണ വീടുകളിലും വിരുന്നുകളിലും സമ്മേളനങ്ങളിലും മതപ്രഭാഷണങ്ങളിലും നാലാള്‍കൂടുന്ന ഇടങ്ങളിലെല്ലാം മാപ്പിളപ്പാട്ടുണ്ടാകും.അഞ്ചാം തരത്തില്‍ പഠിപ്പു നിര്‍ത്തിയെങ്കിലും കുഞ്ഞബ്ദുല്ല അക്ഷരങ്ങളെയും പാട്ടുകളെയും ഉപേക്ഷിച്ചില്ല. ജീവിതം പച്ചപിടിപ്പിക്കാന്‍ കടലിനക്കരേക്ക് നാദാപുരത്തുകാര്‍ പറന്നപ്പോള്‍ കുഞ്ഞബ്ദുല്ല ഖത്തറിലേക്കു പോയി. അവിടെയും ഒഴിവുവേളകളില്‍ പാട്ടെഴുത്ത് തുടര്‍ന്നു. എല്ലാ വിഷയങ്ങളും മാപ്പിളപ്പാട്ടുകളിലൂടെ മനോഹരമായി പ്രതിഫലിപ്പിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. മാപ്പിളപ്പാട്ടുകാരുടെ സാമ്പ്രദായിക വിഷയങ്ങള്‍ വിട്ട് പുതുവഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. ഇന്ത്യയുടെ അരനൂറ്റാണ്ടു കാലത്തെ ചരിത്രവും വളര്‍ച്ചയുമെല്ലാം മനോഹരമായി ആവിഷ്‌കരിച്ച രാഷ്ട്രീയമാല അതിലൊന്നാണ്.
വിവിധ വിഷയങ്ങളില്‍ മാലപ്പാട്ടുകളുടെ ഒരു പരമ്പര തന്നെ അദ്ദേഹത്തിന്റെതായുണ്ട്. കേരള മാല, മീന്‍മാല, ഭക്ഷണമാല, പച്ചക്കറിമാല അങ്ങിനെ നിരവധി മാലകള്‍. മുസ്‌ലിം ലീഗിന്റെ ചരിത്രം പറയുന്ന മനോഹരമായ പാട്ടും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ചരിത്രം പറയുന്ന കോണ്‍ഗ്രസ് സംഗീതികയും പ്രസിദ്ധമാണ്. ഇതിനെല്ലാം പുറമെ മണ്‍മറഞ്ഞ പ്രമുഖരെക്കുറിച്ചുള്ള അനുസ്മരണഗാനങ്ങളും ശ്രദ്ധേയമാണ്. സദ്ദാം ഹുസൈന്‍, ശിഹാബ് തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, കെ. കരുണാകരന്‍, ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയവരെ അനുസ്മരിച്ചുള്ള പാട്ടുകള്‍ സംഗീതസാന്ദ്രവും ആശയസമ്പുഷ്ടവുമാണ്.
മലയാളിയുടെതുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യര്‍ക്ക് ജീവിതം പച്ചപിടിപ്പിക്കാന്‍ സൗകര്യവും സന്മനസും കാണിച്ച അറബ് ലോകത്തിന്റെ വിശാലതയെക്കുറിച്ചും അന്നാടുകള്‍ പ്രതിസന്ധിയില്‍ പെടുമ്പോള്‍ അതിനെക്കുറിച്ചുമെല്ലാം കുഞ്ഞബ്ദുല്ലയുടെ പേന ചലിക്കും. ഖത്തറിനെതിരേ അയല്‍ രാജ്യങ്ങളുടെ ഉപരോധമുണ്ടായപ്പോള്‍ നിശ്ചയധാര്‍ഢ്യത്തോടെ രാജ്യത്തെ മുന്നോട്ടുനയിച്ച അമീര്‍ തമീമിന് അഭിവാദ്യമാര്‍പ്പിച്ച് ഗാനം പുറത്തിറക്കി. അറബ് രാജ്യങ്ങളെ തമ്മിലടിപ്പിച്ച് അതില്‍നിന്ന് മുതലെടുപ്പ് നടത്തുന്ന അമേരിക്കയുടെയും സയണിസ്റ്റുകളുടെയും കഴുകന്‍ കണ്ണുകളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്ന പുതിയ ഗാനവും സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നുണ്ട്. മാപ്പിളപ്പാട്ടുകളെ സ്‌നേഹിക്കുകയും അതിലൂടെ സാമൂഹിക രാഷ്ട്രീയ ധാര്‍മിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന സാധാരണക്കാരനായ കവി ജി.പി കുഞ്ഞബ്ദുല്ല തന്റെ പാട്ടെഴുത്ത് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."