നിലച്ചത് നീലഗിരി ജില്ലാ മുസ്‌ലിം ലീഗിന്റെ ശബ്ദ സൗകുമാര്യം
ഗൂഡല്ലൂര്‍: ഗര്‍ജിക്കുന്ന സിംഹമെന്നത് പ്രഭാഷകര്‍ക്ക് നല്‍കപ്പെടുന്ന ആലങ്കാരിക സ്ഥാനമാണെങ്കില്‍ അക്ഷരാര്‍ഥത്തില്‍ അതിനര്‍ഹനായിരുന്നു എം.എ സലാം റാവുത്തര്‍. ജന്മംകൊണ്ട് കേരളീയനെങ്കിലും കര്‍മകാണ്ഡം തമിഴ് മണ്ണായിരുന്നു. മലയാളവും തമിഴും സ്ഫുടമായി പരന്നൊഴുകുന്ന ദ്വിഭാഷി. തുളക്കുന്ന വാക്കുകളെക്കൊണ്ട് പദവിന്യാസം തീര്‍ക്കുമ്പോള്‍ എതിര്‍കക്ഷികള്‍ പോലും ശ്രോദ്ധാക്കളായത് വാഗ് വൈഭവത്തിന്റെ സാക്ഷ്യം. നീലഗിരി ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി നീണ്ട കാലം സേവന നിരതനായ അദ്ദേഹം നിലവില്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായത് പ്രവര്‍ത്തന മികവിന്റെ നേര്‍ സാക്ഷ്യമാണ്.
ഗൂഡല്ലൂര്‍ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും മെംബറും ജി.ടി.എം.ഒ ജനറല്‍ ബോഡി അംഗവുമായ അദ്ദേഹം രാഷ്ട്രീയ മേഖലയിലെന്ന പോലെ മത മേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തി. രോഗം തന്നെ വേട്ടയാടിയപ്പോഴും തന്റെ വേദനയേക്കാള്‍ കുടപ്പിറപ്പിന്റെ വേദനക്കായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയത്. നാട്ടിലെ ഒരു സഹോദരന് സി.എച്ച് സെന്ററിലേക്ക് ശുപാര്‍ശ കത്തെഴുതാന്‍ വേദന അനുവദിക്കാത്തതിനാല്‍ മറ്റൊരാളെ കൊണ്ട് കുറിപ്പെഴുതിച്ചത് ഈ അടുത്ത ദിവസമാണ്. മുവാറ്റുപുഴയില്‍ നിന്ന് 1960കളിലാണ് സലാം റാവുത്തറും കുടുംബവും ഗൂഡല്ലൂരിലേക്ക് കുടിയേറിയത്. ആദ്യം പന്തല്ലൂര്‍ താലൂക്കിലെ ബിതര്‍ക്കാടായിരുന്നു താമസം. പിന്നീട് ഗൂഡല്ലൂരിലേക്ക് മാറി. തമിഴ്, മലയാളം ഭാഷകളില്‍ ഒരു പോലെ പ്രസംഗിക്കാന്‍ കഴിവുള്ള സലാം റാവുത്തര്‍ നീലഗിരിയിലെ പ്രമുഖ പ്രാസംഗികരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."