അരിവയിലിലെ മോഷണം; പിടിയിലായത് നിരവധി മോഷണക്കേസിലെ പ്രതികള്‍
സുല്‍ത്താന്‍ ബത്തേരി: അരിവയിലിലെ ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത് പത്തോളം മോഷണക്കേസുകളിലെ പ്രതികള്‍. പുല്‍പ്പള്ളി കേണിച്ചിറ സ്വദേശികളായ സുരേഷ് (24), രജീഷ് (27) എന്നിവരാണ് കഴിഞ്ഞദിവസം ബത്തേരി അരിവയലിലെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ബത്തേരി പൊലിസ് പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ കഥകള്‍ പുറത്തുവന്നത്. ഒരു മാസം മുന്‍പ് പുല്‍പ്പള്ളി ഏരീയപ്പള്ളി സ്വദേശിയുടെ വീട്ടില്‍നിന്നു കുരുമുളക് കവര്‍ന്ന കേസ്, കബനിഗിരിയിലെ ലീലാമ്മയുടെ വീട്ടില്‍നിന്നു ഒന്നരപ്പവന്റെ സ്വര്‍ണം മോഷ്ടിച്ച കേസ്, നടവയല്‍ നെല്ലിയമ്പം, കേണിച്ചിറ, എ.കെ.ജി നഗര്‍, പൂതാടി, പുല്‍പ്പള്ളി, ചീയമ്പം എന്നിവിടങ്ങളിലെ വീടുകള്‍ കുത്തിപ്പൊളിച്ചുള്ള മോഷണം തുടങ്ങിയ ഇവര്‍ നടത്തിയ പത്തോളം മോഷണക്കഥയാണ് പുറത്തുവന്നത്. ഇതുവരെ ഇതിലൊന്നും ഇവര്‍ പിടിക്കപ്പെട്ടിരുന്നില്ല.
രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ സഞ്ചരിച്ച് ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടെത്തിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. ബത്തേരി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."