മാക്കൂട്ടം ചുരം റോഡില്‍ അപകട പരമ്പര: നാലു വ്യത്യസ്ത വാഹനാപകടങ്ങളില്‍ 25ഓളം പേര്‍ക്ക് പരുക്ക്
ഇരിട്ടി: ഇരിട്ടി-വിരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 25ഓളം പേര്‍ക്ക് പരുക്ക്. വിരാജ്‌പേട്ട ഭാഗങ്ങളിലേക്ക് പോയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പെട്ടത്. മാക്കൂട്ടത്തിനും പെരുമ്പാടിക്കും ഇടയില്‍ പത്ത് കിലോമീറ്ററിനുള്ളിലാണ് നാല് അപകടങ്ങളുമുണ്ടായത്. 20 യാത്രക്കാരുമായി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് ചുരത്തില്‍ 15 അടിയോളം താഴ്ചയില്‍ മറിഞ്ഞ് 15ഓളം പേര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ നിന്നു മടിക്കേരിയില്‍ പോയി തിരിച്ചുവരികയായിരുന്ന സംഘമാണ് ഇന്നലെ പുലര്‍ച്ചെ അപകടത്തില്‍പെട്ടത്. കണ്ണൂരിലെ മുഹമ്മദ് മന്‍സിലില്‍ കമാല്‍(50), ഫിസ മന്‍സിലില്‍ സലാം(42), മുഹമ്മദ് മന്‍സിലില്‍ മുഹസീറ(22), മുഹസീറയുടെ ഒരുവയസ് പ്രായമായ മകള്‍, രഹാന(30), തന്‍സീറ(28), അന്‍വര്‍(35), ഫയാസ്(40) എന്നിവരെ കണ്ണൂരിലെയും ഇരിട്ടിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. തലകീഴായി മറിഞ്ഞ ട്രാവലറില്‍ നിന്നു ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.
പെരുമ്പാടിക്ക് സമീപത്തെ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിനടുത്താണ് മറ്റ് മൂന്ന് അപകടങ്ങളും ഉണ്ടായത്.
കാറുകള്‍ കൂട്ടിമുട്ടി പത്തുപേര്‍ക്ക് പരുക്കേറ്റു. ചുരം റോഡിലെ വളവില്‍ വച്ച് എതിര്‍ദിശയില്‍ വരികയായിരുന്ന കാറുകളാണ് അപകടത്തില്‍പെട്ടത്. ഇരുകാറുകളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വലിയന്നൂരിലെ സുനില്‍കുമാര്‍(46), പെരളശ്ശേരിയിലെ ബൈജു(40), മാലൂര്‍ സ്വദേശികളായ ദേവദാസ്(49), സലീം(59), മോഹനന്‍(45), അഹമ്മദ്(59), വിനോദ്(48), രാജു(57), തലശ്ശേരി സ്വദേശി അഷ്‌റഫ്(40) എന്നിവരെ ഇരിട്ടി അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൈസൂരുവില്‍ നിന്നു കണ്ണൂരിലേക്ക് പച്ചക്കറി കയറ്റി വരികയായിരുന്ന വാന്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. വാനില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് വാന്‍ കുഴിയില്‍ നിന്നു കയറ്റിയത്. പെരുമ്പാടി തടാകത്തിന് സമീപം ട്രാവലര്‍ കാറിലിടിച്ച് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പാനൂര്‍ സ്വദേശികള്‍ വിരാജ്‌പേട്ടയിലെ കുടുംബവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."