വരയില്‍ തെളിഞ്ഞു അഭ്രപാളിയിലെ അപൂര്‍വരാഗങ്ങള്‍
തലശ്ശേരി: ചിത്രകാരന്മാരുടെ ഭാവനകള്‍ കാന്‍വാസിലേക്ക് പകര്‍ന്നു നല്‍കിയത് ജനകീയ സിനിമകളിലെ ചാരുതയാര്‍ന്ന മുഹൂര്‍ത്തങ്ങളുടെ പുനരാവിഷ്‌കാരം. ഒരുകൂട്ടം ചിത്രകാരന്മാരുടെ ഭാവന സിനിമയിലൂടെ സഞ്ചരിച്ചപ്പോള്‍ കാന്‍വാസില്‍ പിറവിയെടുത്തത് ചാര്‍ളി ചാപ്ലിനും കറുത്തമ്മയും വൈശാലിയും ഋശ്യശൃംഗനും തുടങ്ങി മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളും കഥാതന്തുക്കളും.
10ന് തലശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാംപിലാണ് സിനിമാ പ്രേക്ഷകര്‍ മനസില്‍ ഇന്നും താലോലിക്കുന്ന കഥാപാത്രങ്ങളുംരംഗങ്ങളും പുനര്‍ജന്മമെടുത്തത്. ചെമ്മീനിലിലെ കറുത്തമ്മക്കാണ് എ. സത്യനാഥ് വരയിലൂടെ പുനര്‍ജന്മം നല്‍കിയത്. അമരത്തിലെ മമ്മുട്ടി തോണി കടലിലേക്കിറക്കുന്ന രംഗമാണ് സതി ശങ്കര്‍ ആവിഷ്‌കരിച്ചത്. സത്യജിത്ത് റായിയുടെ പഥേര്‍പാഞ്ചാലിയിലെ ദുര്‍ഗയും അപ്പുവും മഴയത്ത് ട്രെയിന്‍ കാണാന്‍ പോകുന്ന അവിസ്മരണീയ കാഴ്ചയാണ് സംവിധായകന്‍ കൂടിയായ പ്രദീപ് ചൊക്ലി കാന്‍വാസിലേക്ക് ആവാഹിച്ചത്. യവനികയിലെ ഗോപിയും ജലജയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നിമിഷങ്ങളാണ് സെല്‍വന്‍ മേലൂരിന്റെ വിരല്‍തുമ്പില്‍ പുനര്‍ജനി നേടിയത്. ചാര്‍ളി ചാപ്ലിന് കാന്‍വാസില്‍ ഹരീന്ദ്രന്‍ ചാലാട് ജീവന്‍ പകര്‍ന്നു നല്‍കി. സി.പി ദിലീപ്കുമാര്‍, കെ.പി മുരളീധരന്‍, ഗിരീഷ് മക്രേരി, എം. ദാമോദരന്‍, സന്തോഷ് മുഴപ്പിലങ്ങാട്, കെ. ശശികുമാര്‍, ടി.ടി ഉണ്ണികൃഷ്ണന്‍, വാസവന്‍ പയ്യട്ടം, വിപിന്‍ ഇരിട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."