അസഹിഷ്ണുതയുടെ വെടിയുണ്ടകള്‍
ആയുധം കൊണ്ട് നിശ്ശബ്ദരാക്കപ്പെട്ടവരുടെ പട്ടികയിലേക്ക് ഗൗരി ലങ്കേഷിന്റെ പേരും ചേര്‍ക്കപ്പെട്ടിരുന്നു. വര്‍ഗീയ ഫാഷിസ്റ്റുകളുടെ ചെലവില്‍ നടക്കുന്ന കൊലവിളികളുടെ തുടര്‍ച്ചയാണിത്. കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം നിണം പടര്‍ന്ന സ്മരണകളോടെ രാജ്യം ഓര്‍ത്തെടുക്കുമ്പോഴാണ് ഇതുംകൂടി സംഭവിച്ചിരിക്കുന്നത്.
മതേതരത്വം വാദിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഭീഷണിയോടുകൂടിയ താക്കീതായിരുന്നു കല്‍ബുര്‍ഗിയുടെ രക്തസാക്ഷ്യം. തീവ്ര ആശയങ്ങള്‍ പകര്‍ത്തി വര്‍ഗീയ വിഷജന്തുക്കളുടെ മുനയൊടിക്കാന്‍ മുന്നില്‍നിന്ന ഗോവിന്ദ പന്‍സാരെയെയും അവര്‍ കൊന്നുതള്ളുകയുണ്ടായി. രാജ്യദ്രോഹികള്‍ക്കെതിരെ നാവുയര്‍ത്തിയതിന് നരേന്ദ്ര ധാബോല്‍ക്കറെയും ഇല്ലാതാക്കപ്പെട്ടു. സംഘ്പരിവാറിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ ഗൗരി ലങ്കേഷുമിതാ ഇപ്പോള്‍ ആ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ഗാന്ധിയുടെ ഇടനെഞ്ചില്‍ തുളച്ചുകയറിയ വെടിയുണ്ടയുടെ ഇരമ്പല്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
രാഷ്ട്രപിതാവായ ഗാന്ധിയെ കൊന്നിട്ടായിരുന്നു അവരുടെ ഈ നെറികേടിന്റെ തുടക്കം. അനന്തമൂര്‍ത്തി, പെരുമാള്‍ മുരുകന്‍ പോലോത്തവരുടെ ചോരകുടിച്ചായിരുന്നു അവരുടെ നിലനില്‍പ്പ്. തീവ്രഹിന്ദു നിലപാടുകളെ നഖശിഖാന്തം എതിര്‍ത്തവരെ ഓരോന്നായി നശിപ്പിക്കുകയെന്നതായിരുന്നു എന്നും അവരുടെ മാനിഫെസ്റ്റോ. ഫാസിസം അതിന്റെ മൂര്‍ധന്യത്തിലാണെന്നു ചുരുക്കം. അവര്‍ ഭയപ്പെടുന്നത് ആശയങ്ങളെയും ചിന്തകളെയുമാണ്. ഒരു തലമുറയെ മുഴുവനും ഫാഷിസ്റ്റ് വിരോധം പടര്‍ത്താനുള്ള ശക്തികളാണ് എഴുത്തും നാവുമെന്ന് അവര്‍ക്ക് നല്ലപോലെയറിയാം. അതിനാല്‍ അവര്‍ ബൗദ്ധിക ഇടപെടലുകളെ പേടിക്കുന്നു. അതുകൊണ്ടാണ് പേന കൊണ്ട് നിറയൊഴിക്കുന്നവരെ തോക്കുകൊണ്ട് അവര്‍ നേരിടുന്നത്.
കല്‍ബുര്‍ഗി വധത്തിലെ സംഘ്പരിവാര്‍ ബന്ധം ലോകത്തിനുമുന്നില്‍ വിളിച്ചുപറഞ്ഞതിലൊരാളായിരുന്നു ഗൗരി ലങ്കേഷ്. ഭീഷണികളെ തൃണവല്‍ക്കരിച്ച് നീതിക്ക് വേണ്ടി അവര്‍ മുന്നില്‍ നിന്നു. സംഘ്പരിവാര്‍ ആശയത്തെ പ്രതിരോധിക്കാന്‍ സകല വിദ്യകളും പുറത്തെടുത്തു. മാവോയിസ്റ്റുകളോട് അയിത്തം കല്‍പിച്ചിരുന്നില്ല അവര്‍. എന്നാല്‍, പത്രപ്രവര്‍ത്തനത്തെ സാമൂഹിക പ്രവര്‍ത്തനമാക്കി മാറ്റിയ ഗൗരി ലങ്കേഷിന് നല്‍കേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു.
നമ്മുടെ രാജ്യം നേടിയ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്രം അസഹിഷ്ണുതാനിബദ്ധമാണെന്ന് തിരിച്ചറിയുന്ന ഘട്ടങ്ങളാണ് ഇപ്പോള്‍ കടന്നുപോകുന്നത്. 'ഈ നാട്ടില്‍ യു.ആര്‍ അനന്തമൂര്‍ത്തിയും ഡോ. കല്‍ബുര്‍ഗിയും എന്റെ പിതാവ് പി ലങ്കേഷും പൂര്‍ണ ചന്ദ്രതേജസ്വിയും ഒക്കെയുണ്ടായിരുന്നവരാണ്. അവരൊക്കെ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളവരാണ്. പക്ഷെ, അതിന്റെ പേരില്‍ അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. അവര്‍ക്ക് വധഭീഷണികള്‍ ലഭിച്ചിരുന്നില്ല' എന്ന് ഗൗരി ലങ്കേഷ് പറഞ്ഞിട്ട് അധിക നാളുകള്‍ കഴിഞ്ഞിട്ടില്ല. 'എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരയാകാനാണ്, അല്ലാതെ വര്‍ഗീയവാദിയാകാനല്ല. അതുകൊണ്ട് വര്‍ഗീയവാദികളെ എതിര്‍ക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു' എന്ന് ഉറക്കെ പറയാനും അവര്‍ മടികാണിച്ചില്ല. വെടിയുണ്ടകളേറ്റ് കണ്ണുതകര്‍ന്നാലും അവരുടെ ശബ്ദം നിലക്കില്ല എന്ന് നമുക്കുറപ്പുണ്ട്. കൊല്ലപ്പെടുന്നവര്‍ക്കാണ് ദീര്‍ഘായുസ്സ്. അവര്‍ വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുക തന്നെ ചെയ്യും.
നരേന്ദ്ര ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിങ്ങനെ നന്മക്കുവേണ്ടി ശബ്ദിച്ചവരുടെയെല്ലാം കൊലപാതകങ്ങള്‍ മതേതരത്വത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ആരുടെയും കരള് പിളര്‍ക്കുന്നതാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ സംസാരിക്കുന്നവര്‍, നിലകൊള്ളുന്നവര്‍, തൂലിക ചലിപ്പിക്കുന്നവര്‍ തുടങ്ങിയവര്‍ മാത്രം എന്തുകൊണ്ടാണ് കൊല്ലപ്പെടുന്നത്? ഫാസിസ്റ്റുകള്‍ അവരെ മാത്രം എന്തിനാണ് ഇത്രയും പേടിക്കുന്നത്? അവരുടെ ജീവിതംതന്നെ ഉത്തരം നല്‍കുന്നുണ്ട് ഈ ചോദ്യങ്ങള്‍ക്ക്.
ഇന്ത്യയിലുണ്ടായ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ അന്ധവിശ്വാസങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ധാബോല്‍ക്കര്‍ ദുര്‍മന്ത്രവാദം നിരോധിക്കണമെന്നാവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയതാണ് കൊല്ലപ്പെടാനുണ്ടായ പ്രധാന കാരണം. പുതുതായി ശക്തിപ്പെട്ടുവന്ന മറ്റു ചില അന്ധവാദങ്ങളെ എതിര്‍ത്തതാണ് കല്‍ബുര്‍ഗിയെ ഇല്ലാതാക്കിയത്. നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാം, എന്നാല്‍, ഞങ്ങളെഴുതിയ സത്യങ്ങളെ കുഴിച്ചുമൂടാനാവില്ല എന്നായിരുന്നു കെ.എസ് ഭഗവാന്‍ അദ്ദേഹത്തിന് നേരെ വധഭീഷണി ഉയര്‍ന്നപ്പോള്‍ പറഞ്ഞിരുന്നത്. ഒരാളെ കൊല്ലാന്‍ എളുപ്പമാണ്. ഗാന്ധിയെ കൊന്നവര്‍ക്ക് ഗാന്ധിസം ഇല്ലാതാക്കാനായിട്ടില്ലല്ലോ? ഗാന്ധി മുന്നോട്ടുവച്ച ദര്‍ശനങ്ങളെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇതുതന്നെയാണ് ഗൗരി ലങ്കേഷിന്റെയും കാര്യത്തില്‍ നമുക്ക് പറയാനുള്ളത്.
ഗൗരി തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ചിത്രം 'കുറ്റവാളികളെ ശിക്ഷിക്കുക' എന്ന അടിക്കുറിപ്പോടെ വയ്ക്കുമ്പോള്‍ താന്‍ എന്തിനുവേണ്ടിയാണ് നിലകൊണ്ടിരുന്നതെന്ന് അതില്‍നിന്നു വ്യക്തമാകുന്നുണ്ട്. അതുകൊണ്ടായിരിക്കുമോ 'ഞാന്‍ നിശ്ശബ്ദയാകണമെന്ന് മോദിഭക്തര്‍ ആഗ്രഹിക്കുന്നു' എന്ന് ഗൗരി ലങ്കേഷ് മുമ്പ് പറഞ്ഞത്?
'മനുഷ്യാവകാശത്തെ പിന്തുണച്ചും വ്യാജ ഏറ്റുമുട്ടലുകളെ എതിര്‍ത്തും സംസാരിക്കുന്നവരെ മാവോയിസ്റ്റുകള്‍ എന്ന് ബ്രാന്‍ഡ് ചെയ്യുകയാണ്. അവരുടെ പ്രത്യയശാസ്ത്രത്തെ, രാഷ്ട്രീയ പാര്‍ട്ടിയെ, നേതാവ് നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവരുടെ മരണത്തെ ആഘോഷിക്കുന്നവരുടെയും കൊലപാതകത്തെ സ്വാഗതം ചെയ്യുന്ന ഭക്തസംഘങ്ങളുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. വിമര്‍ശകരോടും എതിര്‍ത്ത് പറയുന്നവരോടും മോദി ഭക്തര്‍ക്കും ഹിന്ദുത്വസേനക്കുമുള്ള വിഷംപുരണ്ട വെറുപ്പ് വെളിവാക്കുന്നതാണ് സമകാലിക സംഭവങ്ങള്‍. അവയില്‍ നല്ലൊരു പങ്ക് ലിബറല്‍, ഇടത് മാധ്യമ പ്രവര്‍ത്തനത്തിന് എതിരായിരുന്നു. ഈ രണ്ട് ഘടകങ്ങളും ഭീതിജനകമാണ്. വിശാലമായ അര്‍ഥത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് അവ ഉന്നംവയ്ക്കുന്നത്.' ബി.ജെ.പി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള കോടതിവിധിയുടെ പശ്ചാത്തലത്തില്‍ 2016ല്‍ ന്യൂസ് ലോണ്ട്രി പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഗൗരി ലങ്കേഷ് ഇങ്ങനെ പറഞ്ഞത്.
മതേതര രക്തസാക്ഷികളുടെ പട്ടികയിലേക്ക് ഗൗരി ലങ്കേഷിന്റെ പേരുകൂടി ചേര്‍ക്കപ്പെടുമ്പോള്‍ മാര്‍ട്ടിന്‍ നിമോളര്‍ മുമ്പ് എഴുതിയ കവിതയാണ് നമുക്കുമുമ്പില്‍ കൂടുതല്‍ പ്രസക്തമാവുന്നത്:
'ആദ്യമവര്‍ ജൂതരെത്തേടി വന്നു...
ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ജൂതനായിരുന്നില്ല.
പിന്നീടവര്‍ കമ്മ്യൂണിസ്റ്റുകാരെ തേടിവന്നു.
ഞാന്‍ അനങ്ങിയില്ല.
കാരണം ഞാന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല.
പിന്നെയവര്‍ തൊഴിലാളി നേതാക്കളെ തേടിവന്നു.
ഞാന്‍ മൗനം പാലിച്ചു.
കാരണം ഞാന്‍ തൊഴിലാളി നേതാവായിരുന്നില്ല.
ഒടുവിലവര്‍ എന്നെത്തേടി വന്നു.
അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."