എല്‍.ഡി.എഫ് മേഖലാ ജാഥകള്‍ ഒക്ടോബര്‍ മൂന്നിന് തുടങ്ങും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടാനും രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയതക്കുമെതിരേ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മേഖലാ ജാഥകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച് 16ന് സമാപിക്കും.
മഞ്ചേശ്വരത്ത് നിന്നാരംഭിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന തെക്കന്‍ മേഖലാ ജാഥക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.
വടക്കന്‍ മേഖലാ ജാഥ തൃശൂരിലും തെക്കന്‍ മേഖലാ ജാഥ എറണാകുളത്തും സമാപിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങള്‍ തീവ്രമായി നടപ്പാക്കി ജനജീവിതം ദുഷ്‌കരമാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. സ്വാശ്രയത്വത്തിന് അടിസ്ഥാനമായിത്തീരേണ്ടണ്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുകയാണ്. തൊഴിലില്ലായ്മയാകട്ടെ അതിഭീകരമായി വളര്‍ന്നുകഴിഞ്ഞു.
രാജ്യം നിലനിര്‍ത്തിപ്പോന്നിരുന്ന ജനാധിപത്യപരമായ എല്ലാ സമീപനങ്ങളെയും തല്ലിക്കെടുത്തുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."