നിയമപരിഷ്‌കരണ കമ്മിറ്റി ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചു മലബാര്‍ ദേവസ്വം ബോര്‍ഡ് ഉടച്ചുവാര്‍ക്കും
തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡ് ഉടച്ചുവാര്‍ക്കാന്‍ നിയമപരിഷ്‌കരണ കമ്മിറ്റി ശുപാര്‍ശ.
ക്ഷേത്രഭരണം ട്രസ്റ്റിമാരില്‍ നിന്ന് മാറ്റി മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമാക്കണമെന്നും ദേവസ്വം ബോര്‍ഡ് നിയമപരിഷ്‌കരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. ഗോപാലകൃഷ്ണന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് സമര്‍പ്പിച്ച ശുപാര്‍ശയിലുണ്ട്. ആചാരപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന് പാരമ്പര്യ ട്രസ്റ്റിമാര്‍ക്കുള്ള അവകാശം നിലനിര്‍ത്തും. നിലവില്‍ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിലെ നിയമനവും അച്ചടക്ക നടപടികളുമെല്ലാം പാരമ്പര്യ ട്രസ്റ്റിമാരാണ് നടത്തുന്നത്. ഇനിമുതല്‍ നിയമനങ്ങള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാക്കാനും അച്ചടക്കനടപടികള്‍ക്കുള്ള അധികാരം ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമാക്കാനുമാണ് ശുപാര്‍ശ. ഭക്തര്‍ നല്‍കുന്ന പണവും ക്ഷേത്രവസ്തുവകകളും നിയമനങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതികള്‍ക്കിടെയാണ് നിയമപരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശ. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സഞ്ചിത നിധിയില്‍ കൊണ്ടുവന്ന് എല്ലാ ക്ഷേത്രങ്ങള്‍ക്കും ഭരണനിര്‍വഹണത്തിന് ആവശ്യമായ ഫണ്ട് നല്‍കും. ഇതുവഴി ദൈനംദിന പൂജകള്‍ക്കുപോലും വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനാകും.
ക്ഷേത്രങ്ങളിലെ ദൈനംദിന ചടങ്ങുകള്‍, ഉത്സവങ്ങള്‍, അറ്റകുറ്റപ്പണികള്‍, നിര്‍മാണപ്രവൃത്തികള്‍ എന്നിവയുടെ അധികാരം ബോര്‍ഡിന്റെ ഉത്തരവാദിത്തത്തിലാകണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ക്ഷേത്രജീവനക്കാര്‍ക്ക് പെന്‍ഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള അധികാരവും ബോര്‍ഡിനായിരിക്കണമെന്നാണ് നിര്‍ദേശം. ക്ഷേത്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം തീരുമാനിക്കുന്നതും നിയമിക്കുന്നതും ബോര്‍ഡായിരിക്കും. ക്ഷേത്ര ജീവനക്കാര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫിസര്‍മാര്‍ക്കും ഭരണവിഭാഗം ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നത് മലബാര്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാകണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ക്ഷേത്ര സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും നിര്‍ദേശങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കിവരുന്ന ഗ്രാന്‍ഡ് തുടര്‍ന്നും നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. അഡ്വ. കെ. ഗോപാലകൃഷ്ണന്‍ ചെയര്‍മാനും പി.വേണുഗോപാലന്‍, സി.മോഹനന്‍ എന്നിവര്‍ അംഗങ്ങളായും കമ്മിഷണര്‍ കെ. മുരളി മെമ്പര്‍ സെക്രട്ടറിയുമായുള്ള നിയമപരിഷ്‌കരണ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 1,339 ക്ഷേത്രങ്ങളും എണ്ണൂറോളം മൈനര്‍ ക്ഷേത്രങ്ങളുമാണ് നിലവിലുള്ളത്. ഈ ക്ഷേത്രങ്ങള്‍ക്ക് നല്‍കിവരുന്ന ഗ്രാന്‍ഡ് വിനിയോഗിക്കാതെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ട്രസ്റ്റിമാരുടെ വീഴ്ചമൂലം യഥാസമയം ഗ്രാന്‍ഡ് വാങ്ങാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത ക്ഷേത്രങ്ങളും മലബാര്‍ മേഖലയിലുണ്ട്. ഈ സാഹചര്യങ്ങള്‍കൂടി പരിഗണിച്ചാണ് നിയമപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."