കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് എ ഗ്രൂപ്പ് തലസ്ഥാനത്ത് രഹസ്യ യോഗം
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്ന് എ ഗ്രൂപ്പ് തീരുമാനം. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ എം.എല്‍.എ ഹോസ്റ്റലില്‍ ചേര്‍ന്ന ഗ്രൂപ്പ് പ്രമുഖരുടെ രഹസ്യ യോഗമാണ് ഈ തീരുമാനമെടുത്തത്.
നേതൃത്വത്തില്‍ പ്രാമുഖ്യം നേടിയെടുക്കാന്‍ ഗ്രൂപ്പിനുള്ളില്‍ ഭിന്നതകളില്ലാതെ മുന്നോട്ടുനീങ്ങാനും തീരുമാനമായി. സംഘടനാ തെരഞ്ഞെടുപ്പ് തീരുന്നതുവരെ ഗ്രൂപ്പ് നേതാക്കളില്‍ നിന്ന് പരസ്പരം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകളോ പ്രതികരണങ്ങളോ ഉണ്ടാവില്ല. സംഘടനാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രൂപ്പിനുള്ളില്‍ എതെങ്കിലും തരത്തിലുള്ള ഭിന്നത ഉടലെടുത്തിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കും. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെ തന്നെ രംഗത്തിറക്കണമെന്ന ശക്തമായ ആവശ്യം യോഗത്തില്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല.
ആരെന്ന കാര്യം പിന്നീടു തീരുമാനിക്കാമെന്ന നിര്‍ദേശമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. എന്നാല്‍, ഉമ്മന്‍ ചാണ്ടി ഈ സ്ഥാനത്തേക്കു വന്നേക്കുമെന്ന ധാരണയില്‍ മറുപക്ഷത്തുനിന്ന് അദ്ദേഹത്തിനേതിരേ ഉണ്ടാകുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടാനും ധാരണയായി.
ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ നീക്കമാരംഭിച്ചതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സുദര്‍ശന്‍ നാച്ചിയപ്പനെ കഴിഞ്ഞ ദിവസം ചന്ദ്രശേഖരന്‍ സന്ദര്‍ശിക്കുകയും കെ.പി.സി.സി അധ്യക്ഷസ്ഥാനം എ ഗ്രൂപ്പിനു നല്‍കുന്നതില്‍ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു.
ഐ ഗ്രൂപ്പിന്റെ അറിവോടെയാണ് ഇത്തരമൊരു നീക്കം നടന്നതെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ചന്ദ്രശേഖരനെതിരേ ശക്തമായ വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. യൂനിയന്‍ നേതാവായി ചന്ദ്രശേഖരനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന വികാരം യോഗത്തിലുണ്ടായി.
ചന്ദ്രശേഖരനെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സമീപനമായിരിക്കും യൂണിയനില്‍ എ വിഭാഗം നേതാക്കള്‍ സ്വീകരിക്കുക. മറ്റു പോഷക സംഘടനാ നേതാക്കളെ എ ഗ്രൂപ്പിനോട് അടുപ്പിക്കാന്‍ ശ്രമിക്കും. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനപ്രകാരം അസംഘടിത തൊഴിലാളി മേഖലയില്‍ ലേബര്‍ സെല്ലുകള്‍ രൂപീകരിക്കാനും അതിന് അംഗീകാരം നല്‍കാനും തീരുമാനിച്ചു.
സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച അഭിപ്രായ രൂപീകരണ ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് എ ഗ്രൂപ്പിന്റെ നീക്കം. സംസ്ഥാന വരണാധികാരി നാച്ചിയപ്പന്‍ ഞായറാഴ്ച സംസ്ഥാനത്തെത്തും.
ബൂത്ത് ഭാരവാഹികളെ ഈ മാസം തന്നെ പരസ്പര ധാരണയോടെ നിശ്ചയിക്കുന്നതിനു ശ്രമം നടക്കും.
മത്സരം പരമാവധി ഒഴിവാക്കി ധാരണയുണ്ടണ്ടാക്കണമെന്ന നിര്‍ദേശം മുതിര്‍ന്ന ചില നേതാക്കളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ദിശയില്‍ ഒട്ടും മുന്നോട്ടു പോകാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."