ഫിസിയോതെറാപ്പി കൗണ്‍സിലിന് രൂപംനല്കുന്നത് പരിഗണിക്കണം: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ഫിസിയോതെറാപ്പി കൗണ്‍സിലിന് രൂപംനല്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി.
ഫിസിയോതെറാപ്പി സ്വതന്ത്ര ചികിത്സാ രീതിയല്ലാത്തതിനാല്‍ കൗണ്‍സില്‍ രൂപീകരിക്കാനാവില്ലെന്നുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്ത് കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി സതീഷ് കെ. തോമസ് നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഇക്കാര്യത്തില്‍ നിയമനിര്‍മാണം വേണമെന്നു നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ല. സര്‍ക്കാരാണ് ഇത് തീരുമാനിക്കേണ്ടത്. എങ്കിലും ഫിസിയോതെറാപ്പിസ്റ്റുകളെ നിയമാനുസൃതം നിയന്ത്രിക്കാനും അനധികൃതമായ ചികിത്സ തടയാനും ഇത്തരമൊരു കൗണ്‍സിലിന് രൂപംനല്‍കുകയാണ് വേണ്ടത്. ചീഫ് സെക്രട്ടറി ഈ വിഷയം പരിഗണിക്കണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഫിസിയോതെറാപ്പിസ്റ്റുകള്‍ അനധികൃതമായി ചികിത്സ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് സിംഗിള്‍ ബെഞ്ച് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഫിസിയോതെറാപ്പി കൗണ്‍സിലിന് രൂപംനല്കണമെന്നാവശ്യപ്പെട്ട് ഫിസിയോതെറാപ്പിസ്റ്റുകളുടെ അസോസിയേഷന് നേരത്തേ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."